തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി നടത്തിയ ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അശ്ലീല സന്ദേശങ്ങളയച്ചു അപമാനിച്ച 4 പേർ അറസ്റ്റിലായി. പ്ലസ് ടു വിദ്യാർത്ഥികൾ ആണ് നാലുപേരും. പുതുതായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. മൊബൈൽഫോണുകൾ സൈബർ പൊലീസ് പിടിച്ചെടുത്തു. ഈ ഗ്രൂപ്പിൻറെ അഡ്മിൻ മലപ്പുറം സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അഡ്മിൻ വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം ആയി .
ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സപ്പ് എന്നിവയിലൂടെ അധ്യാപകരെ അപമാനിച്ചു എന്ന് കാട്ടി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എഡിജിപി മനോജ് എബ്രഹാമിന് നൽകിയ പരാതിയിലാണ് നടപടിയെടുത്തത്. തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കെതിരെ ലൈംഗികചുവയുള്ള ട്രോളുകളും പോസ്റ്റുകളും കമൻറുകളും പ്രചരിപ്പിച്ചവർക്കെതിരെ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.