കാസര്‍കോഡ് സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം പുറത്തിറക്കി. ഷോര്‍ട്ട് ഫിലിം സംസ്ഥാന അവാര്‍ഡ് ജേതാവായ സന്തോഷ് പെരിങ്ങേത്ത് സംവിധാനം നിര്‍വ്വഹിച്ച് മറിമായം ആര്‍ട്ടിസ്റ്റും ചെറുവത്തൂര്‍ സ്വദേശിയുമായ ഉണ്ണിരാജ അഭിനയിച്ച സുഭിക്ഷ കേരളം ഷോര്‍ട്ട് ഫിലിം ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പ്രകാശനം ചെയ്തു. കുട്ടികള്‍, വനിതകള്‍, പ്രവാസികള്‍ , പട്ടിക വര്‍ഗ വിഭാഗക്കാര്‍, സര്‍ക്കാര്‍ ശമ്പളക്കാര്‍ തുടങ്ങി പൊതു സമൂഹത്തിന് കാര്‍ഷിക രംഗത്തോട് ആഭിമുഖ്യം ഉണ്ടാക്കുന്നതാണ് ഷോര്‍ട് ഫിലിമിന്റെ ആശയം.
ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി സുശക്തമായ കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ 10962 അയല്‍ക്കൂട്ടങ്ങളിലായി 178654 അംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
സുഭിക്ഷ കേരളം, ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക്, എന്ന മുദ്രാവാക്യവുമായി ഓരോ അയല്‍ക്കൂട്ടത്തിലും സംഘകൃഷി ഗ്രൂപ്പുകള്‍ രൂപീകരിച്ച് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്വന്തം പറമ്പില്‍ വാഴ, മുരിങ്ങ, പപ്പായ, കറിവേപ്പില പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്തും ഓരോ അയല്‍ ക്കൂട്ട ത്തിലും ചുരുങ്ങിയത് 50 സെന്റെങ്കിലും കണ്ടെത്തി സംഘ കൃഷി ചെയ്യുന്നതിനും മുമ്പോട്ട് വന്നു. ലോക് ഡൗണ്‍ കാലയളവായ ഏപ്രില്‍, മെയ് മാസങ്ങളില്‍ ജില്ലയില്‍ പുതുതായി 2117 ജെ ല്‍ ജികള്‍ രൂപീകരിച്ച് കൃഷി ആരംഭിച്ചു. പട്ടിക വര്‍ഗ മേഖലയില്‍ ഞാനും എന്റെ ഊരും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി പുതുതായി 42 ജെ എല്‍ ജികള്‍ രൂപീകരിച്ച് 160 സംഘകൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 133 ഏക്കര്‍ സ്ഥലത്ത് പുതുതായി കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നതിന് തുടക്കമിട്ടു. മഞ്ചേശ്വരം, പൈ വളികെ, വോര്‍ക്കാടി, മീഞ്ച പഞ്ചായത്തുകളിലെ 15 കൊറഗ ഊരുകളില്‍ 220 കുടുംബങ്ങളാണ് കൃഷിയാരംഭിച്ചത്.
കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിരോധ ആശ്വാസ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ മുമ്പിലാണ്. ബ്രേക്ക് ദ ചെയിന്‍ പ്രചരണം മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മ്മാണം എന്നിവയിലൂടെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 54 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുന്നതിനും കടുംബശ്രീക്കായി. സമൂഹ അടുക്കളയിലേ ക്കാവശ്യമായ പച്ചക്കറികള്‍ സൗജന്യമായി എത്തിക്കുന്നതിന് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് സാധിച്ചു. ആശുപത്രികള്‍, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, സെന്‍ടല്‍ ലാബ് എന്നിവിടങ്ങളില്‍ മുടങ്ങാതെ ഭക്ഷണമെത്തിക്കുന്നതിന് കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ യാതൊരു മടിയും കാണിച്ചില്ല.
ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/83793