കറുത്തവര്‍ഗക്കാരന്റെ മരണം കഴുത്ത് ഞെരിഞ്ഞമര്‍ന്ന് ഹൃദയംനിലച്ച് ആണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ട്രംപ് പട്ടാളത്തെ ഇറക്കി

വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ളോയിഡി(46)ന്റെ മരണം കഴുത്ത് ഞെരിഞ്ഞമര്‍ന്ന് ആണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലമായി കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്ത് ഞെരിഞ്ഞ് ശ്വാസമെടുക്കാന്‍ കഴിയാതെവരുകയും ഹൃദയം സ്തംഭിച്ച് മരണം സംഭവിക്കുകയുമായിരുന്നു. ക്രൂരമായ നരഹത്യയാണ് നടന്നതെന്നും മിനിയപൊലിസ് ഹെന്നെപ്പിന്‍ കൗണ്ടി മെഡിക്കല്‍ പരിശോധകന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ജോര്‍ജിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ടായിരുന്നു. വേദനസംഹാരികളും മറ്റ് മരുന്നുകളും ജോര്‍ജ് കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ രാസപരിശോധനാ റിപ്പോര്‍ട്ട് പിന്നീടുമാത്രമേ ലഭിക്കുകയുള്ളൂ.

തുടര്‍ച്ചയായ ഏഴാം ദിവസവും അമേരിക്ക പ്രതിഷേധതീയില്‍ ആളുകയാണ്. ജോര്‍ജ് ഫ്ളോയിഡിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി ശക്തിയായി പ്രതിഷേധിക്കുന്നു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വാഷിങ്ടണ്‍ അടക്കമുള്ള നഗരങ്ങളില്‍ അരങ്ങേറിയ പ്രതിഷേധം അങ്ങേയറ്റം കളങ്കം വരുത്തിവച്ചുവെന്ന് ട്രംപ് പറഞ്ഞു. കലാപവും കൊള്ളയും പൊതുമുതല്‍ നശിപ്പിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ നേരിടാന്‍ വേണ്ടിവന്നാല്‍ സായുധരായ സൈന്യത്തെയും പൊലീസിനെയും ഇറക്കുമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് നടപടി തുടരുകയാണ്. കണ്ണീര്‍വാതകവും കുരുമുളക് സ്‌പ്രെയും ഗ്രനേഡും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നത്. സൈന്യം ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തുന്നുണ്ട്. വാഷിങ്ടണ്‍ ഡിസിയിലും ഫിലാഡല്‍ഫിയയിലും ഓക്ലാന്‍ഡിലും പൊലീസ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പോലീസ് നടപടിയില്‍ ഓസ്റ്റിനില്‍ ഒരു കറുത്തവര്‍ഗക്കാരന് പരിക്കേറ്റു. വെടിവയ്പില്‍ റസ്റ്റോറന്റ് ഉടമ കൊല്ലപ്പെടുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം