എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സാധാരണ ജനങ്ങള്‍ക്കും, കര്‍ഷകര്‍ക്കും പ്രയോജനകരമായ ബാങ്കായിരിക്കും കേരള ബാങ്കെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നാടിന്റെ അതിജീവനപ്പോരാട്ടത്തിന് കേരള ബാങ്ക് കരുത്തു പകരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്കില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ബാങ്കിന്റെ ഓഫീസുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി നിലവില്‍വന്ന തിരുവനന്തപുരം റീജിയണല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വായ്പാ പദ്ധതികള്‍ ബാങ്ക് പുറത്തിറക്കിയിട്ടുണ്ടെന്നും അത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പ 6.80 ശതമാനം പലിശ നിരക്കില്‍ പ്രാഥമിക സഹകരണ ബാങ്കിലൂടെ നല്‍കുന്നുണ്ട്. ഇതിന് 100 രൂപയ്ക്ക് പ്രതിമാസം വെറും 56 പൈസ മാത്രമാണ് പലിശ വരുന്നത്. ഒരു വര്‍ഷ കാലാവധിയുള്ള ഈ പദ്ധതിയ്ക്ക് പരമാവധി രണ്ട് ലക്ഷം രൂപവരെ നല്‍കുന്നു. കാര്‍ഷിക, കാര്‍ഷികാനുബന്ധ, മൃഗസംരക്ഷണ, ക്ഷീര വികസന, മത്സ്യബന്ധന മേഖലകളില്‍ ഉള്ളവര്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും (MSME) പ്രയോജനപ്പെടുത്താവുന്ന ഈ വായ്പയുടെ കാലാവധി ജൂണ്‍ 15 വരെ നീട്ടിയിട്ടുണ്ട്. കൂടാതെ സാധാരണ സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് 40 ലക്ഷം രൂപ വരെയും നല്‍കുന്നു. 


മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിലൂടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നാല് ലക്ഷം രൂപ വരെ വായ്പകള്‍ നല്‍കുന്നുണ്ട്. ഈ വായ്പകളുടെ പലിശ പൂര്‍ണ്ണമായും സര്‍ക്കാരാണ് വഹിക്കുന്നത്. കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി കിസാന്‍മിത്ര വായ്പ മൂന്ന് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയ്ക്ക് കൊടുത്തുവരുന്നു. ജനങ്ങളുടെ ഏതാവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന 60 ലക്ഷം രൂപ വരെ നല്‍കുന്ന സാധാരണ ഭൂപണയ വായ്പകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങി ജനോപകാരപ്രദമായ വിവിധയിനം വായ്പകള്‍ കേരള ബാങ്കിലൂടെ നല്‍കി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്., സി.ഇ.ഒ. പി. എസ്. രാജന്‍, സി.ജി.എം. കെ. സി. സഹദേവന്‍, ജനറല്‍ മാനേജര്‍ന്മാരായ എസ്. കുമാര്‍, സി. സുനില്‍ ചന്ദ്രന്‍, എ. ആര്‍. രാജേഷ്, റീജിയണല്‍ ഓഫീസ് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് കെ. മോഹനന്‍  എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


ആസ്ഥാന ഓഫീസ് തിരുവനന്തപുരത്തും കോര്‍പ്പറേറ്റ് ബിസിനസ്സ് ഓഫീസ് എറണാകുളത്തും

പുനക്രമീകരണത്തിന്റെ ഭാഗമായി കേരള ബാങ്കിന്റെ കോര്‍പ്പറേറ്റ് ബിസിനസ്സ് ഓഫീസും മേഖല ഓഫീസുകളും ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്നു. കോര്‍പ്പറേറ്റ് ഓഫീസ് എറണാകുളത്തും മേഖല ഓഫീസുകള്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലുമാണ്. രണ്ട് ജില്ലകള്‍ക്കായാണ് ഒരു മേഖല ഓഫീസ് പ്രവര്‍ത്തിക്കുക. ഇതിനുപുറമേ എല്ലാ ജില്ലകളിലും ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളുമുണ്ട്. ഓരോ ഓഫീസിലും ആവശ്യമായ തസ്തികകള്‍, വകുപ്പുകള്‍,  ഉദ്യോഗസ്ഥരുടെ ചുമതലകള്‍ എന്നിവയെല്ലാം തീരുമാനമായി. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനുകീഴില്‍ മാനേജിങ് ഡയറക്ടര്‍ / ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ തസ്തികയും തൊട്ടുതാഴെ ചീഫ് ജനറല്‍ മാനേജരുമുണ്ട്. തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി ആറ് ജനറല്‍ മാനേജര്‍മാരുണ്ടാകും. ഇതിനുപുറമേ മേഖലാ ഓഫീസുകളിലും കോര്‍പറേറ്റ് ഓഫീസിലും ജനറല്‍ മാനേജര്‍മാരുണ്ടാകും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4758/Kerala-Bank-will-be-provided-with-all-new-amenities.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →