കാസര്‍കോഡ് ജില്ലയില്‍ ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് സിസ്റ്റം ശക്തിപ്പെടുത്തും: ജില്ലാ കളക്ടര്‍

കാസര്‍കോഡ്: ദുരന്ത സമയങ്ങള്‍ അടിയന്തര സേവനം ലഭ്യമാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍  കാര്യക്ഷമമാക്കുന്നതിനും ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) ജില്ലയില്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.  ഇതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഐആര്‍എസ് ടീമില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതലത്തിലും താലൂക്ക് തലത്തിലും പരിശീലനം നല്‍കും. നാല് താലൂക്കുകളിലെ 25 പോലീസുകാര്‍ക്ക് വീതം ഫസ്റ്റ് എയ്ഡ്, അഗ്നി സുരക്ഷാ സേനയുടെ പരിശീലനവും നല്‍കും. ദുരന്ത സ്ഥലങ്ങളില്‍ ആദ്യമെത്തുന്നത് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. എല്ലാ ആശുപത്രികളിലും റാപിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കും. 

പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ നേരിടുന്നതിന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കും. അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ പ്രതിരോധ-സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വളരെ പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലയില്‍ സജ്ജമാക്കുന്നത്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. റോഡിന്റെ വശങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റുന്നതിന് അഗ്നി സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കി. റോഡുകളില്‍ ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. മഴക്കാല പകര്‍ച്ചാവ്യാധികള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. എഡിഎം എന്‍ ദേവീദാസ്, എഎസ്പി പി ബി പ്രഷോഭ്, മോട്ടോര്‍ വാഹന വകുപ്പ്, അഗ്നി സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ സംബന്ധിച്ചു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83606

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →