തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനുള്ള വെബ് ക്യാമറകള്‍ക്ക് പതിനായിരം വരെ വില കുത്തനെ ഉയര്‍ന്നു. താരതമ്യേന വില കുറവുള്ള ഇനങ്ങള്‍ മാര്‍ക്കറ്റില്‍നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഇതോടെ സാധാരണക്കാരാണ് വിഷമത്തിലായത്. ലോക്ക്ഡൗണിനുമുമ്പ് 1000 രൂപയിലും കുറവുള്ള വെബ്കാമുകള്‍ മാര്‍ക്കറ്റില്‍ സുലഭമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കൂടിയ വിലയുടേതു മാത്രമേ വിപണിയിലുള്ളൂ. കുറഞ്ഞ വിലയുടെ വെബ് കാമുകള്‍ മുഴുവന്‍ വിറ്റുപോയെന്നും സ്റ്റോക്കില്ലാത്തതാണു വിലവര്‍ധനയ്ക്കു കാരണമെന്നും വ്യാപാരികള്‍ പറയുന്നു. കൂടാതെ ചില കമ്പനികള്‍ വില വര്‍ധിപ്പിക്കുകയും ചെയ്തു. ഡിമാന്‍ഡ് കൂടിയതാണ് വില കുത്തനെ വര്‍ധിപ്പിക്കാന്‍ കാരണമായത്. ഓര്‍ഡര്‍ നല്‍കിയാലും സമയത്ത് ഇവ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ചൈനീസ് കമ്പനികളുടെ വെബ് ക്യാമാണ് സംസ്ഥാനത്ത് കൂടുതലായും വിറ്റഴിക്കപ്പെട്ടുകൊണ്ടിരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളോടനുബന്ധിച്ച്—വീട്ടില്‍ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി വെബ്കാം വാങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷ ശനിയാഴ്ച പൂര്‍ത്തിയായതോടെ സംസ്ഥാനത്ത് സ്‌കൂള്‍തലത്തിലുള്ള എല്ലാ പരീക്ഷകളും അവസാനിച്ചു. പുതിയ അധ്യയനവര്‍ഷം ജൂണ്‍ ഒന്നിനുതന്നെ ആരംഭിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വ്യത്യാസമുള്ളത് ഓണ്‍ലൈന്‍ പഠനമായിരിക്കും നടക്കുക എന്നതാണ്. കൊറോണയും ലോക്ഡൗണും യാത്രയിലെ അസൗകര്യങ്ങളുംമൂലം ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കിയത്.
ഇപ്പോള്‍ ഒരു ലാപ്‌ടോപ്പ് കംപ്യൂട്ടറെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. ഇതില്‍ ഒരു വെബ്കാം ഘടിപ്പിച്ചാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു റെഡി. വീടുകളില്‍ കംപ്യൂട്ടര്‍ ഇല്ലാത്ത ഇടങ്ങളില്‍ സ്‌കൂള്‍ അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പകരം സംവിധാനം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ലാപ്‌ടോപ്പും ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡും ഓണ്‍ലൈന്‍ നോട്ടുകളുമെല്ലാം കുട്ടികള്‍ക്ക് ഏറെ പരിചയമുള്ളതാണെങ്കിലും ക്ലാസുകള്‍ പൂര്‍ണമായി ഓണ്‍ലൈനാവുന്നത് തുടക്കം എന്ന നിലയില്‍ പരിചയിച്ചുവരണമെങ്കില്‍ ദിവസങ്ങള്‍ എടുത്തേക്കാം. പരമ്പരാഗതമായ രീതിയില്‍ സ്‌കൂളിലെത്തി അധ്യാപകരുടെ സഹായത്തോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചുള്ള ശീലമാണ് ഏവര്‍ക്കുമുള്ളത്.
വിദേശ സര്‍വകലാശാലകളില്‍ ഉള്ളതുപോലെ ഇനിയങ്ങോട്ട് കേരളത്തിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള അവസരമായാണ് ഏവരും ഇതിനെ കാണുന്നത്. കൊവിഡും ലോക്ഡൗണും അവസാനിച്ചാലും ഭാവിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാവുകതന്നെ ചെയ്യും, ഉര്‍വശീശാപം ഉപകാരം എന്നമട്ടില്‍.