സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ ഗൗരവമുള്ള വഴിത്തിരിവ്; സംഭവത്തിനു പിന്നില്‍ ഉന്നതതല ഇടപെടലും ആസൂത്രണവും, ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങള്‍ യുവതി ഇന്റര്‍നെറ്റില്‍ കണ്ടതിന്റെ ഡിജിറ്റല്‍ തെളിവ് ലഭിച്ചു.

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ ഗൗരവമുള്ള വഴിത്തിരിവ്. സംഭവത്തിനു പിന്നില്‍ ഉന്നതതല ഇടപെടലും ആസൂത്രണവും.. ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങള്‍ യുവതി ഇന്റര്‍നെറ്റില്‍ കണ്ടതിന്റെ ഡിജിറ്റല്‍ തെളിവ് ലഭിച്ചു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐജി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടത്. തുടര്‍ന്ന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഗൂഢാലോചനയില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ തന്റെ ശിഷ്യന് പങ്കുണ്ടെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും ഗംഗേശാനന്ദ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ശിഷ്യന്റെ പങ്കിനെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് ലോക്കല്‍ പൊലീസ് കേസ് എടുത്തിരുന്നത്.

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ മൊഴിയിലെ വ്യതിയാനം പൊലീസ് ഗൗരവമായ എടുത്തില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. താനാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്ന് പറഞ്ഞ യുവതി അഞ്ച് ദിവസത്തിനുശേഷം മൊഴി മൊഴിമാറ്റിയിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴിയിലാണ് പൊലീസിന്റെ സമ്മര്‍ദത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് യുവതി സമ്മതിച്ചത്. അവസാനം പരാതിയും പിന്‍വലിച്ചു. എന്നിട്ടും ഇതൊന്നും കണക്കിലെടുക്കാതെ സ്വാമിയെ പ്രതിയാക്കി കേസുമായി മുന്നോട്ടുപോകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കേസില്‍ യുവതിക്കെതിരേ മാതാവ് മൊഴി നല്‍കിയിരുന്നു.

2017 മെയ് 17ന് രാത്രിയിലാണ് സ്വാമിയുടെ ലിംഗം മുറിച്ച സംഭവമുണ്ടായത്. സ്വാമി ലൈംഗികാതിക്രമത്തിനു ശ്രമിച്ചപ്പോള്‍ 23കാരിയായ യുവതി സ്വരക്ഷയ്ക്കുവേണ്ടിയാണ് ലിംഗം മുറിച്ചതെന്നായിരുന്നു കേസ്. സ്വാമി കുടുംബ സുഹൃത്താണെന്നും വീട്ടിലെ പതിവു സന്ദര്‍ശകനായിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കളും പറയുന്നു. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് സ്വാമി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയിരുന്നു. കേസില്‍ ഗംഗേശാനന്ദയെ പ്രതിയാക്കി പൊലീസ് കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ആദ്യം എതിര്‍ക്കുകയും പിന്നീട് സ്വാമിക്ക് അനുകൂലമായും മൊഴിനല്‍കുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചാണ് താന്‍ സ്വാമിക്കെതിരേ നിലപാട് സ്വീകരിച്ചതെന്ന് യുവതി പറഞ്ഞിരുന്നു. ഗംഗേശാനന്ദ സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ലിംഗം ഛേദിച്ചത് കാമുകന്‍ അടക്കമുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നുവെന്നും യുവതി മൊഴി പിന്നീട് തിരുത്തിയത് ഏറെ ചര്‍ച്ചായിരുന്നു. എന്നാല്‍, ഈ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തില്ലെങ്കിലും ക്രൈംബ്രാഞ്ച് അതില്‍ ഊന്നിയാണ് മുന്നോട്ടുപോയത്.

സംഭവം നടക്കുന്നതിന്റെ രണ്ടുമാസം മുമ്പ് ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങള്‍ യുവതി ഇന്റര്‍നെറ്റില്‍ കണ്ടതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. യുവതിയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലാണ് നിര്‍ണായകമായേക്കാവുന്ന ഈ തെളിവുകള്‍ ലഭിച്ചത്. ഈ പശ്ചാത്തലത്തില്‍ യുവതിയുടെയും കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും വിശദമായ അന്വേഷണത്തിനു വിടാനാണ് തീരുമാനം.

Share
അഭിപ്രായം എഴുതാം