കൊല്‍ക്കത്ത: ബുദ്ധഗയയില്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരന്‍ ബംഗാളില്‍ പിടിയിലായി. 2018ലെ ബുദ്ധഗയ, ബര്‍ദ്വാന്‍ സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരകനായ അബ്ദുല്‍ കരീമാണ് പിടിയിലായത്. മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ജ് സ്വദേശിയാണ് ഇയാള്‍. ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ അബ്ദുല്‍ കരീമിന് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ ക്ഷേത്രത്തില്‍ ആരാധന നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്ന് സ്‌ഫോടനം. കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍, പൊലീസ് തിരച്ചില്‍ ശക്തമാക്കിയതോടെ കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. ജമാ അത്തുല്‍ മുജാഹിദ്ദീന്‍ നേതാവായ ഇയാളെ കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യസംഘമാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.