കാസര്‍ഗോഡ്: ഭാര്യയും കാമുകനും ചേര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വൈകിയതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം. തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസിലാണ് കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ഭാര്യയും കാമുകനും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. ഇസ്മായിലിന്റെ ഭാര്യ ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ(42), മഞ്ഞനാടിയിലെ അറഫാത്ത്(29) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. ഇസ്മായില്‍ വധക്കേസില്‍ ഒന്നാംപ്രതിയായ ആയിഷക്ക് ഹൈക്കോടതിയും ഹനീഫക്കും അറഫാത്തിനും ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. കൊലപാതകക്കേസില്‍ അറസ്റ്റ് നടന്നാല്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവികജാമ്യം ലഭിക്കുമെന്ന പഴുതിലാണ് നടപടി.
മരവ്യാപാരിയായ ഇസ്മായിലിനെ ജനുവരി 20ന് രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ഇസ്മായിലിന്റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് ആയിഷയെയും മുഹമ്മദ് ഹനീഫയെയും ചോദ്യംചെയ്തതോടെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇസ്മായിലിനെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചിരുന്നു.