ഉത്തരയെ പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിനുമുമ്പ് ആദ്യതവണ പായസത്തിലും രണ്ടാമത് ജ്യൂസിലും ഉറക്കഗുളിക പൊടിച്ചുനല്‍കിയെന്ന് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി

കൊല്ലം: ഉത്തരയെ പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിമുമ്പ് ആദ്യതവണ പായസത്തിലും രണ്ടാമത് ജ്യൂസിലും ഉറക്കഗുളിക പൊടിച്ചുനല്‍കിയെന്ന് ചോദ്യംചെയ്യലില്‍ സൂരജ് വെളിപ്പെടുത്തി. രണ്ടാമത്തെ തവണ പാമ്പിനെ കടിപ്പിച്ച മെയ് ആറിന് രാത്രി ജ്യൂസില്‍ കൂടിയ അളവില്‍ ഉറക്കഗുളിക പൊടിച്ചുനല്‍കിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഉറക്കഗുളിക വാങ്ങിയ അടൂരിലെ മരുന്നുകടയില്‍ അന്വേഷണസംഘം കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തി.

ആദ്യം പാമ്പുകടിയേറ്റ മാര്‍ച്ച് രണ്ടിന് അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേര്‍ത്തു നല്‍കിയത്. തുടര്‍ന്ന് ഗാഢനിദ്രയിലായ ഉത്തരയുടെ ശരീരത്തിലേക്ക് അണലിയെ വിട്ടു. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയും ചെയ്തു. എന്നാല്‍, നല്ല ഉറക്കത്തിലായിരുന്നെങ്കിലും കഠിനമായ വേദനയെ തുടര്‍ന്ന് ഉത്തര ചാടിയെഴുന്നേറ്റ് ബഹളംവച്ചു. ആശുപത്രിയിലെത്തിക്കാന്‍ ബോധപൂര്‍വം വൈകിച്ചെങ്കിലും രണ്ടുമാസത്തോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഉത്തരജീവിതത്തിലേക്ക് മടങ്ങിയെത്തി.

ആദ്യശ്രമം പാളിയതിനാലാണ് ഉഗ്രവിഷമുള്ള പാമ്പിനെത്തന്നെ സൂരജ് സുരേഷില്‍നിന്നു വാങ്ങിയത്. രണ്ടാമത്തെ ദംശനം അഞ്ചുവയസുള്ള മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടാണ്. പാമ്പിന്റെ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇതു വ്യക്തമായത്. ഉഗ്രവിഷമുള്ള പാമ്പിനെതന്നെ വേണമെന്നുപറഞ്ഞ് സുരേഷിനോട് സൂരജ് പ്രത്യേകം ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഏറെ കരുതലോടെയായിരുന്നു സൂരജിന്റെ രണ്ടാംശ്രമം. മെയ് ആറിന് രാത്രിയില്‍ ഉത്തരയുടെ വീട്ടില്‍വച്ച് സൂരജ് തയ്യാറാക്കിയ ജ്യൂസില്‍ കൂടിയ അളവില്‍ ഉറക്കഗുളിക പൊടിച്ചുചേര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് മൂര്‍ഖനെ ഉപയോഗിച്ച് സൂരജ് ഉത്തരയെ കൊലപ്പെടുത്തിയത്.

Share
അഭിപ്രായം എഴുതാം