കാസര്‍കോഡ്: കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റാന്‍ അവസരം

കാസര്‍കോഡ്: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ട് പി എം-കെ യു എസ് യു എം പദ്ധതി പ്രകാരം കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി ആരംഭിച്ചു. നിലവില്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി യില്‍ നിന്നും കാര്‍ഷിക കണക്ഷനായി എടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാം. അനെര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പു സെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനും ഉപയോഗം കഴിഞ്ഞ് അധികമായി ലഭിക്കുന്ന വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കി അധിക വരുമാനം ഉണ്ടാക്കുവാനും സാധിക്കും.

ഒരു എച്ച് പി മുതല്‍ 10 എച്ച് പി വരെയുള്ള പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാം. ഒരു എച്ച് പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. പമ്പ് കപ്പാസിറ്റിയുടെ ഒന്നര മടങ്ങ് പരമാവധി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. ഒരു എച്ച് പി പമ്പ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് 54,000 രൂപ ചെലവുവരും. അതില്‍ 60 ശതമാനം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡിയായി നല്‍കും. 

പദ്ധതിക്കായി അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് 1 കെ.ഡബ്ല്യു ശേഷിക്ക് 100 സ്‌ക്വയര്‍ ഫീറ്റ് നിഴല്‍ രഹിത സ്ഥലം ആവശ്യമാണ്.    പദ്ധതിക്കായി കര്‍ഷകര്‍ 60% സബ്‌സിഡി കുറച്ചുളള 40% തുക മാത്രമേ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ നല്‌കേണ്ടതുളളു.  അനെര്‍ട്ടിന്റെ കീഴില്‍ 140 നിയോജകമണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജമിത്ര സെന്റര്‍ വഴി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുളള ഫീസിബിലിറ്റി നടത്തും. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിഴല്‍ രഹിത സ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83106

Share
അഭിപ്രായം എഴുതാം