മഹാരാഷ്ട്രയിലെ ആശ്രമത്തില്‍ സന്ന്യാസിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു, പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

നന്ദേഡ്(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ആശ്രമത്തില്‍ സന്ന്യാസിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിയെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടന്‍ അറസ്റ്റിലാവുമെന്നും പൊലീസ് അറിയിച്ചു. നന്ദേഡ് ജില്ലയിലെ ആശ്രമത്തില്‍ സാധു ശിവാചാര്യ ഉള്‍പ്പെടെ രണ്ടുപേരാണു കൊല്ലപ്പെട്ടത്. ഇരുവരേയും കഴുത്തറുത്താണ് കൊലപ്പെടുത്തിയിട്ടുള്ളത്. സാധു ശിവാചാര്യ, ഭഗവാന്‍ ഷിന്‍ഡേ എന്നു പേരുള്ള മറ്റൊരാള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ആശ്രമത്തിലെ കുളിമുറിയിലാണു കണ്ടെത്തിയതെന്ന് നന്ദേഡ് എസ്പി വിജയകുമാര്‍ മഗര്‍ പറഞ്ഞു.

അതേസമയം, കൊലപാതകിയെന്നു സംശയിക്കുന്ന വ്യക്തിയുടെ സൂചനകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. കൊലപാതകിയും കൊല്ലപ്പെട്ടവരും ഒരേ സമുദായത്തില്‍നിന്നുള്ളവരാണ്. അതിനാല്‍ ഈ സംഭവത്തില്‍ സാമുദായിക നിറമില്ലെന്നും കൊലപാതകി ഉടന്‍ പിടിയിലാവുമെന്നും എസ്പി പറഞ്ഞു. മഹാരാഷ്ട്രയിലെ പല്‍ഘറില്‍ രണ്ട് സന്ന്യാസിമാരടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടത് അടുത്തിടെയായിരുന്നു. ആ സംഭവം സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പാണ് സാധു ശിവാചാര്യയും ഭഗവാന്‍ ഷിന്‍ഡേയും കൊല്ലപ്പെട്ടിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം