കോലഞ്ചേരി: പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലില്‍ മൃതദേഹം. പട്ടിമറ്റം ഡബിള്‍പാലത്തിനു സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. പെരുമ്പാവൂര്‍ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ള ജെജെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. ശനിയാഴ്ച രാവിലെ പുകക്കുഴലിന്റെ അടിയിലുള്ള ഡിസ്ചാര്‍ജ് പോര്‍ഷന്‍ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്.
സ്ത്രീകള്‍ ജോലിക്കാരായി ഇല്ലാത്ത കമ്പനിയാണിത്. സ്ത്രീയാണോ പുരുഷനാണോയെന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ പറയാന്‍ കഴിയൂവെന്ന് സ്ഥലം സന്ദര്‍ശിച്ച ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. 50ഓളം മീറ്റര്‍ ഉയരമുള്ള പുകക്കുഴലിനുള്ളില്‍ എങ്ങനെ മൃതദേഹം എത്തിയെന്നത് ദുരൂഹമാണ്. താഴെ ചാരം എടുക്കാനുള്ള ചെറിയ ദ്വാരം മാത്രമേയുള്ളൂ. ഇതുവഴി ഒരു മനുഷ്യശരീരം കടത്താനാവില്ലെന്ന് പോലീസ് പറയുന്നു. ഇവിടെ ജോലിചെയ്യുന്ന ആരെയും കാണാതായിട്ടില്ലെന്ന് കമ്പനിയുടമ ജിജു പറഞ്ഞു. കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടാവുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ പഴക്കം നിര്‍ണയിക്കാനാവുകയുള്ളൂ. സ്ഥലത്ത് പൊലീസ്, ഫോറന്‍സിക് അധികൃതര്‍ പരിശോധന നടത്തി.