മൗറീഷ്യസിലെ യുവാക്കള്‍ക്ക് ആയുര്‍വേദം പഠിക്കുന്നതിനുള്ള അവസരമൊരുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും മൗറീഷ്യസ് പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ് ജുഗ്‌നോത്തുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി

ഉം-പുന്‍ ചുഴലിക്കാറ്റില്‍ ഇന്ത്യക്കുണ്ടായ നഷ്ടങ്ങളില്‍ മൗറീഷ്യസ് പ്രധാനമന്ത്രി ജുഗ്‌നോത്ത്‌ അനുശോചനം അറിയിച്ചു. ‘ഓപ്പറേഷന്‍ സാഗറി’ന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ‘കേസരി’ മൗറീഷ്യസിലേയ്ക്ക് അയച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സഹായവുമായി മരുന്നുകള്‍ ഉള്‍പ്പെടെ 14 അംഗ ചികിത്സാ സംഘമാണ് ‘കേസരി’യില്‍ മൗറീഷ്യസിലേയ്ക്കു പോയത്.

ഇന്ത്യയിലെയും മൗറീഷ്യസിലേയും ജനങ്ങള്‍ തമ്മിലുള്ള സവിശേഷ ബന്ധത്തെക്കുറിച്ച് ഓര്‍മ്മിച്ച പ്രധാനമന്ത്രി പ്രതിസന്ധിയുടെ ഈ വേളയില്‍ സുഹൃത്തുക്കളെ സഹായിക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും വ്യക്തമാക്കി.
കോവിഡ് 19 പ്രതിരോധത്തിന് പ്രധാനമന്ത്രി ജുഗ്നോത്തിന്റെ നേതൃത്വത്തില്‍ മൗറീഷ്യസ് നടത്തിയ ഫലപ്രദമായ ഇടപെടലുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ആഴ്ചകളായി മൗറീഷ്യസില്‍ പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൗറീഷ്യസ് അതിന്റെ മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ മേഖലയില്‍ സമാനമായ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിന് മറ്റു രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ദ്വീപ് രാജ്യങ്ങള്‍ക്ക് ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൗറീഷ്യസിന്റെ സാമ്പത്തിക മേഖലയെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മൗറീഷ്യസിലെ യുവാക്കള്‍ക്ക് ആയുര്‍വേദം പഠിക്കുന്നതിനുള്ള അവസരമൊരുക്കുന്ന കാര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

മൗറീഷ്യയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ശ്രേഷ്ഠവും ഊഷ്മളവുമായ ബന്ധം എന്നും നിലനില്‍ക്കട്ടെയെന്നും ആശംസിച്ചു

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleseDetail.aspx?PRID=1626384 .

Share
അഭിപ്രായം എഴുതാം