ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് പണം കവര്‍ന്നു

തൃശൂര്‍: ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് 60,000 രൂപ കവര്‍ന്നു. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐസിയു കെയര്‍ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുണ്ടെന്നും താത്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടാണ് യുവതിയെ പരിചയപ്പെട്ടത്. ഈ സ്വകാര്യ ആശുപത്രിയുടെ പേരും ലോഗോയും എല്ലാ കത്തിടപാടിലും കാണിച്ചിരുന്നു. ചെറുപ്പക്കാര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കുന്ന ഏജന്‍സി എന്നു പരിചയപ്പെടുത്തിയാണ് യുവതിയെ ഫോണിലൂടെ ബന്ധപ്പെട്ടത്. ഡല്‍ഹിയാണ് സ്ഥാപനത്തിന്റെ ആസ്ഥാനമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിയെ ജോലിക്ക് തിരഞ്ഞെടുത്തതായും രണ്ടു ദിവസത്തിനകം ഉത്തരവ് ലഭിക്കുമെന്നും അറിയിച്ചു. ഇതിനിടെ വിവിധ ഇനത്തില്‍ 50,000 രൂപ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ അടക്കയ്ണമെന്നും ആവശ്യപ്പെട്ടു. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തതിനാല്‍ ആവശ്യപ്പെട്ട തുക നല്‍കി. പിറ്റേന്ന് നിയമന ഉത്തരവും യുവതിക്ക് ലഭിച്ചു. ഈ ഉത്തരവുമായി പെണ്‍കുട്ടിയും പിതാവും ജോലിയില്‍ പ്രവേശിക്കാനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

Share
അഭിപ്രായം എഴുതാം