കോഴിക്കോട്: താമരശ്ശേരിയില്‍ വനിത ഗൈനക്കോളജിസ്റ്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ പരിശോധിച്ച രോഗികളെയും നിരീക്ഷണത്തിലാക്കി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ കേരളത്തില്‍ ഡ്യൂട്ടിചെയ്ത ആശുപത്രിയിലെ ആറ് ജീവനക്കാരും ഡോക്ടറുടെ അടുത്ത് പരിശോധനയ്‌ക്കെത്തിയ നാല് ഗര്‍ഭിണികളും ഉള്‍പ്പെടെ 10 പേരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഡോക്ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴുപേരുടെ സാംപിള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയും ചെയ്തു. താമരശ്ശേരിയില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കര്‍ണാടക സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ താമരശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഇതില്‍ വനിത ഡോക്ടര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് ഇവര്‍ കര്‍ണാടകയിലേക്ക് മടങ്ങിയത്. കര്‍ണാടകയില്‍ തിരിച്ചെത്തിയതു മുതല്‍ ഹോം ക്വാറന്റീനിലായിരുന്നെന്നും മറ്റാരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍നിന്നാവാം തങ്ങള്‍ക്ക് രോഗം പകര്‍ന്നതെന്ന സംശയം ഡോക്ടര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.