കോട്ടയം: പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലി ഉപയോഗിച്ച് കുത്തിപരിക്കേല്‍പിച്ച വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം താമസിക്കുന്ന മണലേല്‍ മാത്തുക്കുട്ടിയെയാണ് (61) കോട്ടയം വെസ്റ്റ് സിഐ എം ജെ അരുണ്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തരിശായി കിടന്ന തന്റെ പുരയിടത്തില്‍ അയല്‍വാസികള്‍ പശുക്കളെ മേയാന്‍വിട്ടതില്‍ പ്രകോപിതനായി നാലു പശുക്കളെയും ഒരു മൂരിക്കിടാവിനെയും വിമുക്തഭടന്‍ മുപ്പല്ലിക്ക് കുത്തുകയായിരുന്നു.
അയ്മനം കോടുവത്ര ഷാജിഭവനില്‍ ഷൈന്‍മോന്‍, ചേപ്പഴം ജോയി തോമസ് എന്നിവരുടെ നാലു പശുക്കള്‍ക്കും ഒരു മൂരിക്കിടാവിനുമാണ് മുപ്പല്ലികൊണ്ടുള്ള കുത്തേറ്റത്. കൂടാതെ ഇരുമ്പുകമ്പി ഉപയോഗിച്ച് പുറത്ത് അടിക്കുകയും ചെയ്തു. പശുക്കളുടെ കഴുത്തിനാണ് മുപ്പല്ലികൊണ്ടുള്ള കുത്തേറ്റത്. നാലു പശുക്കളുടെയും നടുവിന് കമ്പിവടിക്കുള്ള അടിമൂലം ക്ഷതമേറ്റിട്ടുണ്ടെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. ജോബി വ്യക്തമാക്കി. മൂരിക്കിടാവിന്റെ കാലില്‍ മുപ്പല്ലിയുടെ ഒരു ആണി തറച്ചിരിപ്പുണ്ടായിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു