ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കില്ല: എം എം മണി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ പ്രവര്‍ത്തനരഹിതമായിരിക്കുന്ന മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. നിലവില്‍ ചൈനയില്‍നിന്ന് വിദഗ്ധരെ എത്തിച്ച് പണി നടത്താനാവില്ല. മൂന്നുമാസം മുമ്പുണ്ടായ പൊട്ടിത്തെറിയിലാണ് അണക്കെട്ടിലെ രണ്ട് ജനറേറ്ററുകള്‍ തകരാറിലായത്. ഒരെണ്ണം വാര്‍ഷിക അറ്റകുറ്റപ്പണിയിലാണ്. ഇപ്പോള്‍ മൂന്ന് ജനറേറ്ററുകളില്‍ മാത്രമാണ് വൈദ്യുതോല്‍പാദനം നടത്തുന്നത്. ഇതാണ് അണക്കെട്ടില്‍ മുന്‍വര്‍ഷത്തേക്കാളും 20 അടി ജലനിരപ്പ് കൂടാന്‍ കാരണം. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. വൈദ്യുതി ഉല്‍പാദനം കുറഞ്ഞിരിക്കുന്ന സമയത്ത് മഴ കനത്താല്‍ ഡാം തുറക്കുകയല്ലാതെ കെഎസ്ഇബിക്ക് മുന്നില്‍ മറ്റ് വഴികളില്ല. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കാര്യങ്ങള്‍ തമിഴ്നാടുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം