ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ പുതിയ പാതയില്‍ കേരളാ പൊലീസ്; കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റാന്വേഷണം.

കോഴിക്കോട്: ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ പുതിയ പാതയില്‍ കേരളാ പൊലീസ് ചുവടുവയ്ക്കുന്നു. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിക്കുന്ന ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കുറ്റാന്വേഷണം. കോഴിക്കോട് പോലൂരില്‍ മൂന്നുവര്‍ഷംമുമ്പു കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖമാണ് പുനരാവിഷ്‌കരിച്ചത്.

2017ല്‍ കോഴിക്കോട് പോലൂരില്‍നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയശേഷം ശരീരം കത്തിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. ആളെ തിരിച്ചറിയാനായി സാധാരണ സ്വീകരിക്കുന്ന രീതികളെല്ലാം പയറ്റിയെങ്കിലും ഫലം കണ്ടില്ല.

കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായി മൃതദേഹത്തിന്റെ ഫിംഗര്‍ പ്രിന്റ് ഡിസിആര്‍ബി, എസ്എസ്ആര്‍ബി എന്നിവര്‍ക്ക് അയച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 2015 മുതല്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഡിഎന്‍എ താരതമ്യവും നടത്തി. എന്നിട്ടും ആളെ തിരിച്ചറിയുന്നതിനു കഴിഞ്ഞില്ല. തുടര്‍ന്നാണ് മൃതദേഹത്തില്‍നിന്ന് തലയോട്ടി ശേഖരിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രഷന്‍ നടത്തിയത്. ഇതിലൂടെ രൂപപ്പെടുത്തിയ കൊല്ലപ്പെട്ടയാളുടെ ചിത്രം ക്രൈബ്രാഞ്ച് പുറത്തുവിട്ടു.

ആളെ തിരിച്ചറിയുന്നവര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. 9497987306, 04952725106, 9497965007 എന്നീ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്. മരണപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ലോക്കല്‍ പോലീസില്‍നിന്ന് കേസ് ക്രൈബ്രാഞ്ചിനു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടുവര്‍ഷം പിന്നിട്ടപ്പോഴാണ് കൊല്ലപ്പെട്ടയാളുടെ മുഖം നൂതന സാങ്കേതികവിദ്യയിലൂടെ പുനസൃഷ്ടിച്ചത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →