പിഎസ്‌സി പരീക്ഷകള്‍ ജൂണ്‍മുതല്‍ നടത്തും: ഓണ്‍ലൈന്‍ സംവിധാനം ആയി.

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകള്‍ ജൂണ്‍മുതല്‍ നടത്തും. ഇതിനുള്ള നടപടികള്‍ക്ക് തുടക്കമായി. പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കാണ് പരീക്ഷ നടത്തുക. അപേക്ഷകര്‍ കുറവുള്ളതും മാറ്റിവച്ചതുമായ പരീക്ഷകള്‍ക്കു മുന്‍ഗണന നല്‍കും. കോവിഡ് പ്രതിരോധ മാര്‍നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍. ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാകേന്ദ്രങ്ങളില്‍വച്ച് ഓണ്‍ലൈനില്‍ നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം. അപേക്ഷകര്‍ കൂടുതലുള്ള ഒഎംആര്‍ പരീക്ഷകള്‍ ഓഗസ്റ്റിലും തുടങ്ങും.

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ 62 തസ്തികകളിലേക്ക് 26 പരീക്ഷകള്‍ നടത്താനാണ് പിഎസ്സി നിശ്ചയിച്ചിരുന്നത്. പരീക്ഷ എഴുതുമെന്ന ഉറപ്പ് അപേക്ഷകരില്‍നിന്ന് വാങ്ങുകയും ചോദ്യക്കടലാസുകള്‍ തയാറാക്കുകയും ചെയ്തു. പരീക്ഷയെഴുതുമെന്ന ഉറപ്പുനല്‍കാന്‍ അപേക്ഷകര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടെന്ന് പിഎസ്സി യോഗം തീരുമാനിച്ചിട്ടുണ്ട്. മാറ്റിവച്ച പരീക്ഷകളില്‍ ഭൂരിഭാഗവും ജൂണ്‍, ജൂലൈ മാസങ്ങളിലായി പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രതീക്ഷ. ലാസ്റ്റ് ഗ്രേഡിന് 6.90 ലക്ഷം അപേക്ഷകരുണ്ട്. ഇത് ഒകേ്ടാബറിലോ നവംബറിലോ നടത്താനാണ് ഉദ്ദേശിക്കുന്നത്. ലാസ്റ്റ്ഗ്രേഡിന്റെ നിലവിലെ റാങ്ക്പട്ടികയ്ക്ക് 2021 ജൂണ്‍ 29 വരെ കാലാവധിയുണ്ട്. എല്‍പി, യുപി അധ്യാപക പരീക്ഷകളും ഈ വര്‍ഷം നടത്തേണ്ടതുണ്ട്. 2021 ഡിസംബറില്‍ ഇപ്പോഴത്തെ റാങ്ക് പട്ടികകള്‍ റദ്ദാകും. എല്‍പിക്ക് 1.07 ലക്ഷവും യുപിക്ക് 36,000ഉം അപേക്ഷകരുണ്ട്.

ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സിനും പുതിയ റാങ്ക്പട്ടിക തയാറാക്കേണ്ടതുണ്ട്. നിലവിലെ പട്ടിക 2021 ജൂലായ് 15ന് റദ്ദാകും. 14 ജില്ലകളിലായി 73,000 പേരാണ് അപേക്ഷിച്ചത്. എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് പരീക്ഷകള്‍ ഈ വര്‍ഷം നവംബറിനുമുമ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്‍ഡി ക്ലാര്‍ക്കിന് 17.60 ലക്ഷം അപേക്ഷകരാണുള്ളത്. ഓഗസ്റ്റ് കഴിഞ്ഞുള്ള തീയതിയായിരിക്കും ഇനി നിശ്ചയിക്കാന്‍ സാധ്യത. നിലവിലെ റാങ്ക് പട്ടികയ്ക്ക് 2021 ഏപ്രില്‍ ഒന്നുവരെ കാലാവധിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →