പുനലൂര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ കിഷോര്‍, ഷാജി, ദിനേശന്‍, കാര്‍ത്തിക് എന്ന ഹരി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലാണ് നാലംഗസംഘം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ക്കുകയും പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
ശനിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. മദ്യപിച്ച് പുനലൂര്‍ ടൗണിലെത്തിയ യുവാക്കള്‍ അസഭ്യംപറഞ്ഞ് ബഹളം ഉണ്ടാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ട കാല്‍നടയാത്രികര്‍ പുനലൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നാല് യുവാക്കളെയും സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതികള്‍ സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇവരെ തടയാന്‍ശ്രമിച്ച പൊലീസുകാരെ യുവാക്കള്‍ അക്രമിക്കാനും ശ്രമിച്ചു. ഇവര്‍ പുനലൂര്‍ ടൗണില്‍ സ്ഥിരമായി അക്രമം നടത്തുന്നവരാണെന്നും നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.