തിരുവനന്തപുരം: കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാനം വിട്ടുള്ള സഞ്ചാരങ്ങള്‍ കൊറോണ ബാധയുടെ വേഗത കൂട്ടുന്നു. ഇന്ത്യ അപകടകരമായ സ്ഥിതിയിലേക്ക് പെട്ടെന്ന് വളരുന്ന കാഴ്ച്ചയാണിപ്പോള്‍ ഉള്ളത്. യാതൊരു രോഗ പരിശോധനയില്ലാതെ ആളുകളെ കുത്തിത്തിരുകി വാനുകളിലും ട്രക്കുകളിലുമായിട്ടാണ് സംസ്ഥാനം വിട്ടുള്ള യാത്ര. 1000-1500 കിലോമീറ്റര്‍ വരെ ഒരു മുന്‍കരുതലുമില്ലാതെ ഒന്നിച്ച് യാത്ര ചെയ്യുന്നു. യാത്രാന്ത്യത്തില്‍ ഇതില്‍ ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ മറ്റെല്ലാവര്‍ക്കും വരാനുള്ള സാധ്യത വളരെയാണ്. അനധികൃതമായ യാത്രയായതുകൊണ്ട് ചെന്നിറങ്ങുമ്പോള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുന്നില്ല. പരിശോധന നടത്തുന്നില്ല. നേരെ വീടുകളിലേക്കാണ് ചെല്ലുന്നത്. അവര്‍ക്ക് രോഗബാധയുണ്ടെങ്കില്‍ നാട്ടിലെല്ലാവര്‍ക്കും പകരാനുള്ള സാധ്യതയുണ്ട്. ആ അവസ്ഥ രാജ്യത്തെങ്ങും നിലനില്‍ക്കുന്നുണ്ട്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനായി ഗവണ്‍മെന്റ് പല പദ്ധതികളും ഒരുക്കി. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങി. ബസ്സുകള്‍ ആരംഭിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് 1.34 ലക്ഷം യാത്രക്കാരാണ് 10000 ബസുകളിലായി സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ ഭാഗങ്ങളിലേക്കാണ് കുടിയേറ്റ തൊഴിലാളികള്‍ യാത്ര ചെയ്യുന്നത്. കൊറോണ രോഗം വ്യാപിക്കാതിരിക്കാനായി പുറപ്പെടുന്ന സംസ്ഥാനങ്ങളില്‍ വച്ച് കോവിഡ് ടെസ്റ്റുകള്‍ നടത്തി എത്തുന്ന ദിക്കില്‍ വീണ്ടും പരിശോധന നടത്തിയാണ് ഈ തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളില്‍ എത്തിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ഇത്രയധികം ശ്രദ്ധ പുലര്‍ത്തുമ്പോള്‍ ഇതില്‍ നിന്നും വ്യതിചലിച്ചു കൊണ്ട്, നിയമങ്ങളെ ലംഘിച്ചുകൊണ്ട്, കുറേ അധികം തൊഴിലാളികള്‍ ആരും അറിയാതെ സ്വന്തം സ്ഥലത്തേക്ക് യാത്ര ചെയ്യുന്നുണ്ട്. ചിലര്‍ കാല്‍നടയായി യാത്ര ചെയ്യുന്നു. മറ്റു ചിലര്‍ ലോറികളില്‍ തിങ്ങിക്കൂടി യാത്ര ചെയ്യുന്നു. ചെറു വണ്ടികളില്‍ 20 പേരും ഇടത്തരം വണ്ടികളില്‍ 25 തൊട്ട് 40 വരേയും ട്രക്കുകളില്‍ 60 വരേയും ആളുകളാണ് ഒരേസമയം യാത്ര ചെയ്യുന്നത്. ഇങ്ങനെ സ്വന്തം നാടുകളില്‍ എത്തിക്കുന്നതിന് ഡ്രൈവര്‍മാര്‍ വാങ്ങുന്നത് 1500 മുതല്‍ 4500 രൂപ വരെ.
സര്‍ക്കാര്‍ നിയോഗിച്ച ബസ്സുകളില്‍ പോകുകയാണെങ്കില്‍ ഈ തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ അതിര്‍ത്തി വരെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. അവിടുന്ന് സ്വന്തം വീടുകളില്‍ എത്തുന്നതിന് മറ്റുമാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരുന്നു.
എന്നാല്‍ ട്രക്കുകള്‍ ആകട്ടെ അവരെ ഗ്രാമത്തിന്റെ അടുത്തുവരെ എത്തിക്കുന്നു. ഇങ്ങനെ യാത്ര ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യവകുപ്പിനെ റിപ്പോര്‍ട്ട് ചെയ്യേണ്ട. ക്വാറന്റൈനില്‍ കഴിയേണ്ട. അണു നശീകരണം നടത്തിയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചും രോഗവ്യാപനം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ തൊഴിലാളികളുടെ ഇത്തരം പ്രവര്‍ത്തി ഫലമില്ലാതാക്കുകയാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് നേരെ അധികാരികള്‍ കണ്ണടക്കുന്നുമുണ്ട്.
ഇതുവരെ ഇന്ത്യയില്‍ 88 506 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,760 മരണവും ഉണ്ടായിട്ടുണ്ട്. ഔദ്യോഗിക രേഖ അനുസരിച്ച് വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ട ചൈനയെ മറികടന്നു. ചൈനയില്‍ 84649 കേസുകളെ ഉണ്ടായിട്ടുള്ളൂ. മരണ സംഭവിച്ചത് 4673ഉം. കോവിഡ് 19 ബാധിച്ച രാജ്യങ്ങളില്‍ 13-ാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. കോവിഡ് 19-ന്റെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ട് ആയ മുംബൈയില്‍ 17500-ലധികം കേസുകളാണ് ആണ് നിലവിലുള്ളത്.