പ്രശസ്തിക്കു വേണ്ടിയുള്ള ഹര്‍ജി; മദ്യശാലകള്‍ അടപ്പിക്കാന്‍ ഹര്‍ജി നല്‍കിയ ആഭിഭാഷകന് ഒരുലക്ഷം രൂപ പിഴ

ഡല്‍ഹി: മദ്യശാലകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ. പ്രശസ്തിക്കുവേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന താക്കീതും. മദ്യഷാപ്പുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നും മദ്യശാലകള്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജിയുമായെത്തിയ അഭിഭാഷകനാണ് ലക്ഷം രൂപ പിഴയും ശാസനയും കിട്ടിയത്. ഹര്‍ജി തള്ളിയ കോടതി പ്രശസ്തിക്കുവേണ്ടി ഇത്തരം ഹര്‍ജി സമര്‍പ്പിക്കുന്നവരില്‍ പിഴ ഈടാക്കണമെന്നും നിര്‍ദേശിച്ചു. പ്രശാന്ത്കുമാര്‍ എന്ന അഭിഭാഷകനാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഒരേ ആവശ്യമുന്നയിച്ച് നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നുണ്ട്. പൗരാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ആര്‍ക്കും സുപ്രിംകോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍, ഇത് ആര്‍ട്ടിക്കിള്‍ 32ന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും നാഗേശ്വര റാവു അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം നടന്നത്. രാജ്യത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്നു മറക്കരുതെന്ന് പ്രശാന്ത്കുമാര്‍ ഓര്‍മിപ്പിച്ചു. എന്നാല്‍, അതും മദ്യവില്‍പനയുമായി എന്താണ് ബന്ധമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.

Share
അഭിപ്രായം എഴുതാം