വീട് അണയാനുള്ള ദാഹത്തില്‍ സൈക്കിളില്‍ പുറപ്പെട്ട കുടുംബം അജ്ഞാത വാഹനമിടിച്ച് അപകടത്തില്‍ പെട്ടു; രണ്ട് പിഞ്ചുകുട്ടികള്‍ രക്ഷപ്പെട്ടു

ലഖ്‌നൗ: ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായതോടെ ഉത്തര്‍പ്രദേശില്‍നിന്ന് ജന്മദേശമായ ഛത്തീസ്ഗഡിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തെ വഴിയില്‍ കാത്തിരുന്നത് ക്രൂരമായ ദുരന്തം. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെ അജ്ഞാതവാഹനമിടിച്ച് മരിക്കാനായിരുന്നു കൃഷ്ണ സാഹു (45), ഭാര്യ പ്രമീള (40) എന്നിവര്‍ക്ക് വിധി. സൈക്കിളിലാണ് മാതാപിതാക്കളും മക്കളുമടങ്ങുന്ന കുടുംബം സ്വദേശത്തേക്കു പുറപ്പെട്ടത്. ലഖ്‌നൗവിന് സമീപം ഷഹീന്‍പഥ് ദേശീയപാതയിലാണ് ഇവര്‍ സഞ്ചരിച്ച സൈക്കിളില്‍ അജ്ഞാതവാഹനം ഇടിച്ചത്. മാതാപിതാക്കള്‍ രണ്ടുപേരും വൈകാതെ മരിച്ചു. അഞ്ചു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് കുരുന്നുകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇവര്‍ സഞ്ചരിച്ച സൈക്കിള്‍ പാടെ തകര്‍ന്നു. അതുവഴി വന്ന പോലീസ് സംഘമാണ് ഗുരുതരാവസ്ഥയില്‍ കിടന്ന ദമ്പതികളെയും കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍വച്ച് ദമ്പതികള്‍ മരിച്ചു. ഇവരുടെ സഹോദരനെ വിളിച്ചുവരുത്തിയ പോലീസ് കുട്ടികളുടെ സംരക്ഷണചുമതല കൈമാറി.

ലോക്ഡൗണിനെ തുടര്‍ന്ന് യുപിയുടെ പല ഭാഗത്തുമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വദേശത്തേക്ക് കൂട്ടത്തോടെ മടങ്ങുകയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ് ഇവരിലേറെയും. വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെ കൂട്ടത്തോടെ കാല്‍നടയായും സൈക്കിളിലുമാണ് മടക്കം.

ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളില്‍ 42 പേര്‍ സ്വന്തം സംസ്ഥാനത്തേക്കുള്ള പ്രയാണത്തിനിടെ വഴിയില്‍ മരിച്ചതായി അടുത്തദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാതിവഴിയിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് സേവ് ലൈഫ് ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോറികളും കാറുകളും ഇടിച്ചും ഭക്ഷണവും വെള്ളവുമില്ലാതെ തളര്‍ന്നുവീണുമാണ് മരണങ്ങള്‍ ഏറെയും.

Share
അഭിപ്രായം എഴുതാം