അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ലൈംഗിക പീഡനം: ഉദ്യോഗസ്ഥ IAS ഉപേക്ഷിച്ച് പിരിഞ്ഞു

ന്യൂഡല്‍ഹി: അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് പരാതി നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തതിന്റെ പേരില്‍ തുടരുന്ന അവഗണനയിലും വധഭീഷണിയിലും പ്രതിഷേധിച്ച് വനിത ഉദ്യോഗസ്ഥ ഐഎഎസ് രാജി വെച്ചു. ഹരിയാന സര്‍ക്കാരിന്റെ ആര്‍ക്കൈവ്‌സ് ഡയറക്ടറായ റാണി നഗര്‍ ആണ് രാജി സമര്‍പ്പിച്ചത്. 2014 ലെ ഐഎഎസ് ബാച്ചിലെ അംഗമാണ് 38 കാരിയായ റാണി .
സഹോദരിക്കൊപ്പം ചണ്ഡീഗഡില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഇവര്‍ക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നല്‍കുക മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലൂടെ സംരക്ഷണം അഭ്യര്‍ത്ഥിച്ച് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ലൈംഗിക അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി കേസിനു പോയതാണ് വധഭീഷണിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് അവര്‍ സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് മുമ്പില്‍ നല്‍കിയ പരാതി അന്വേഷിച്ചു എങ്കിലും പരാതിക്കാരിക്ക് എതിരായി തീരുമാനിക്കുകയായിരുന്നു. നീതി നിഷേധിക്കപ്പെട്ടു എന്ന വികാരത്തിലാണ് അവര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

ഐഎഎസ് കാരിയായ വനിതയ്ക്ക് പോലും സുരക്ഷിതത്വം ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ചണ്ഡീഗഡിലെ ഐഎഎസ് വൃത്തങ്ങളില്‍ രാജി വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥര്‍ റാണിക്ക് അനുകൂലമായ നിലപാടുകാരാണ്.

ഈ സംഭവം സംബന്ധിച്ച വാര്‍ത്ത ഏപ്രില്‍ 25-ാം തീയതി സമദര്‍ശി പ്രസിദ്ധീകരിച്ചിരുന്നു. അത് വായിക്കുന്നതിന് ലിങ്ക് ക്ലിക്കുചെയ്യുക. https://samadarsi.com/2020/04/25/life-threat-for-i-a-s-official/

Share
അഭിപ്രായം എഴുതാം