വിവാഹം മുടങ്ങാതിരിക്കാന്‍ വധുവിന്റെ വീട്ടിലേക്ക് 100 കി.മീ സൈക്കിള്‍ ചവിട്ടി യുവാവ്

ഡല്‍ഹി: നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങാതിരിക്കാന്‍ ലോക്ഡൗണില്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി യുപിയിലെ യുവാവ് താരമായി. ഹോമിര്‍പുര്‍ ജില്ലയിലെ പൗതിയ ഗ്രാമത്തില്‍നിന്നുള്ള കല്‍കു പ്രജാപതിയെന്ന 23കാരനാണ് സൈക്കിളില്‍ വധുവിന്റെ വീട്ടിലെത്തി വിവാഹം നടത്തി യുവതിയുമായി അതേ സൈക്കിളില്‍ മടങ്ങിയത്. ഏപ്രില്‍ 25ന് വിവാഹം നടത്തുന്നതിന് അധികൃതരില്‍നിന്ന് അനുമതി ലഭിക്കുകയില്ലെന്നു മനസിലായതോടെയാണ് യുവാവ് സൈക്കിളില്‍ കല്യാണയാത്രയ്ക്ക് ഒരുമ്പെട്ടത്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള പ്രജാപതി കര്‍ഷകനാണ്.

മാസങ്ങള്‍ക്കു മുമ്പാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. ഏറെനാളത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് യുപിയുടെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ മഹൂബ ജില്ലയിലെ പുനിയ ഗ്രാമത്തിലെ റിങ്കിയെന്ന പെണ്‍കുട്ടിയെ വധുവായി നിശ്ചയിച്ചത്. നിശ്ചയിച്ച സമയത്ത് വിവാഹം നടത്തുന്നതിന് ലോക് ഡൗണ്‍ നിലവിലുള്ളതിനാല്‍ പൊലീസിന്റെ അനുമതി ലഭിച്ചില്ല. അതിനാല്‍ സൈക്കിള്‍ ചവിട്ടി പോവുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹത്തിന് എത്തിയിരുന്നുവെന്നും ഇദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

വധുവിന്റെ വീട്ടുകാര്‍ വിളിച്ചതിനാലാണ് പ്രജാപതി വിവാഹത്തിനായി പോയതെന്ന് ഇദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. സ്വന്തമായി ബൈക്കുണ്ടെങ്കിലും ഡ്രൈവിങ് ലൈസന്‍സ് ഇല്ല. സൈക്കിള്‍ ആണെങ്കില്‍ ലൈസന്‍സിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ടീ ഷര്‍ട്ടും ജീന്‍സും മുഖത്ത് മാസ്‌കും ധരിച്ചാണ് വരന്റെ സംഘം യാത്ര പുറപ്പെട്ടത്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ലളിതമായ രീതിയില്‍ വിവാഹം നടത്തി അതേ സൈക്കിളില്‍ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. ലോക് ഡൗണ്‍ അവസാനിച്ചശേഷം ഗ്രാമവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും സദ്യ നടത്താനും പ്രജാപതിക്ക് പ്ലാനുണ്ട്.

Share
അഭിപ്രായം എഴുതാം