തിരുവനന്തപുരം: എറണാകുളം കോവിഡ്മുക്ത ജില്ലയായി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ കോവിഡ് രോഗികൂടി സുഖംപ്രാപിച്ച് ആശുപത്രി വിട്ടതോടെയാണ് ജില്ലയിലെ ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്വസിക്കാറായത്. മാര്‍ച്ച് 22ന് യുഎഇയില്‍നിന്ന് മടങ്ങിയെത്തിയ എറണാകുളം കലൂര്‍ സ്വദേശിയായ വിഷ്ണു(23)വാണ് സുഖംപ്രാപിച്ച് വെള്ളിയാഴ്ച ആശുപത്രിവിട്ടത്.
വ്യാഴാഴ്ച അവസാനമായി നടത്തിയ കോവിഡ് പരിശോധനയും നെഗറ്റീവ് ആയതിനെതുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ 15, 16 സാംപിളുകളുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ഏപ്രില്‍ നാലിനാണ് ചുമയും ശ്വാസതടസ്സവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിരുന്നു.
29 ദിവസമായി ഐലസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു വിഷ്ണു. എറണാകുളം മെഡിക്കല്‍ കോളേജ് പ്രന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
