സ്വാശ്രയശീലവും സ്വയം പര്യാപ്തയും ആര്‍ജിക്കുക പഞ്ചായത്തീരാജ് ദിനത്തില്‍ പ്രധാനമന്ത്രി

2020 ലെ ദേശീയ പഞ്ചായത്തി രാജ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള ഗ്രാമ പഞ്ചായത്ത് തലവന്മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ഏകീകൃത ഇ-ഗ്രാമ സ്വരാജ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും സ്വാമിത്വ പദ്ധതിയും അദ്ദേഹം ഈ ചര്‍ച്ചക്കിടെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന പദ്ധതികള്‍ തയ്യാറാക്കാനും നടപ്പില്‍ വരുത്താനും ഇ-ഗ്രാമ സ്വരാജ് സഹായിക്കും. തത്സമയ നിരീക്ഷണവും ഉത്തരവാദിത്വവും പോര്‍ട്ടല്‍ ഉറപ്പാക്കും. ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിനുള്ള പ്രധാന ചുവടു വെയ്പാണ് ഈ പോര്‍ട്ടല്‍. പ്രാരംഭ ഘട്ടം എന്ന നിലയില്‍ 6 സംസ്ഥാനങ്ങളില്‍ ആരംഭിച്ച സ്വാമിത്വ പദ്ധതി ഡ്രോണുകളും നവീനമായ സര്‍വേ രീതികളും ഉപയോഗിച്ച് ഗ്രാമീണ മേഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്നു.

സുസംഘടിതമായ ആസൂത്രണവും വരുമാന ശേഖരണവും ഗ്രാമീണ മേഖലയിലെ സ്വത്ത് അവകാശങ്ങളിലെ വ്യക്തതയും ഈ പദ്ധതി ഉറപ്പാക്കും. ഇത് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്, ഉടമകള്‍ക്ക് വായ്പ അപേക്ഷകള്‍ക്കുള്ള വഴികള്‍ തുറക്കും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഈ പദ്ധതി വഴി അനുവദിച്ച ഉടമസ്ഥാവകാശ രേഖകള്‍ വഴി പരിഹരിക്കാനാകും. ജനങ്ങള്‍ ജോലി ചെയ്യുന്ന രീതിയെ കൊറോണ മഹാമാരി മാറ്റി മറിച്ചുവെന്നും ഒരു നല്ല പാഠം പഠിപ്പിച്ചുവെന്നും രാജ്യമെമ്പാടുമുള്ള ഗ്രാമ മുഖ്യന്മാരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. നാം ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള പുതിയ വെല്ലുവിളികളും പ്രശ്‌നങ്ങളുമാണ് കോവിഡ് മഹാമാരി നമുക്കു നേര്‍ക്കു നീട്ടിയത്. പക്ഷേ, ഒരു നല്ല പാഠമാണ് നമ്മെ പഠിപ്പിച്ചത്. നാം എല്ലാവരും സ്വാശ്രയ ശീലമുള്ളവരും സ്വയം പര്യാപ്തരും ആയിരിക്കണം. പ്രശ്‌ന പരിഹാരങ്ങള്‍ക്കായി രാജ്യത്തിനു പുറത്തേയ്ക്കു നോക്കേണ്ടതില്ല. നാം പഠിച്ച ഏറ്റവും വലിയ പാഠവും ഇതാണ്. ഓരോ ഗ്രാമവും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. അതുപോലെ തന്നെ ഓരോ ജില്ലയും അതാതു തലങ്ങളില്‍ സ്വയം പര്യാപ്തത പുലര്‍ത്തണം. ഓരോ സംസ്ഥാനവും അതാത് തലങ്ങളില്‍ സ്വാശ്രയമാകണം. രാജ്യം മുഴുവന്‍ ആ നിലയില്‍ സ്വാശ്രയമാകേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.

ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാന്‍ ശ്രമിക്കുന്നതിനും ഗ്രാമ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കഠിനമായി പരിശ്രമിച്ചുവെന്നാണ് മോദി പഞ്ചായത്ത് മുഖ്യന്മാരോട് പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 1.25 ലക്ഷം പഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. മുമ്പ് ഇതു വെറും നൂറില്‍ താഴെയായിരുന്നു.പൊതു സേവന കേന്ദ്രങ്ങളുടെ എണ്ണം 3 ലക്ഷം കവിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണം ആരംഭിച്ചതോടെ, സ്മാര്‍ട്ട് ഫോണുകളുടെ വില കുറഞ്ഞതായും കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാ ഗ്രാമങ്ങളിലും എത്തിയിട്ടുണ്ടെന്നും ഇത് ഗ്രാമീണ തലത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളുടെ പുരോഗതി രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും വികസനം ഉറപ്പാക്കും. ഗ്രാമങ്ങളുടെ കൂട്ടായ ശക്തി രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നു. ഗ്രാമങ്ങളിലെ വയോധികരെയും ഭിന്നശേഷിക്കാരെയും ആലംബഹീനരും അവശരുമായ മറ്റുള്ളവരെയും പരിപാലിക്കണം. ക്വാറന്റൈന്‍ നടപടികള്‍, സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ഉപയോഗിക്കല്‍ എന്നീ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് അദ്ദേഹം ഇന്ത്യയിലെ ഗ്രാമീണരോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ പഞ്ചായത്തിലെ ഓരോ വ്യക്തിയും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രതിനിധികളോട് ആവശ്യപ്പെടുകയും ചെയ്തു.

ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ മേഖലയില്‍ മികച്ച പരിരക്ഷ ലഭ്യമാക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി പ്രകാരം പാവപ്പെട്ട ഒരു കോടി രോഗികള്‍ക്ക് ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍, കര്‍ണാടക, ബിഹാര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, അസം എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമത്തലവന്മാരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. ഗ്രാമ സ്വരാജിന്റെ അടിസ്ഥാനത്തിലാണ് മഹാത്മാ ഗാന്ധിയുടെ സ്വരാജ് എന്ന ആശയമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂട്ടായ പരിശ്രമം, ഐക്യദാര്‍ഢ്യം, ദൃഢനിശ്ചയം എന്നിവയിലൂടെ കൊറോണയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പഞ്ചായത്തീരാജ് ദിനത്തില്‍ പ്രധാനമന്ത്രി ഗ്രാമത്തലവന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →