ലോക്ക്ഡൗണില്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ തീരുമാനം നാളെ


ന്യൂഡല്‍ഹി: 21 ദിവസം പിന്നിടുന്ന ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ വരെ ദീര്‍ഘിപ്പിച്ച് സാഹചര്യത്തില്‍ ചില പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളോട് യോജിച്ചു പോകുന്ന വിധത്തില്‍ കേന്ദ്രഭരണപ്രദേശങ്ങളും ജില്ലാ ഭരണകൂടങ്ങളും സംസ്ഥാനങ്ങളും ഇളവുകള്‍ നടപ്പാക്കും. ഏതുതരം ഇളവുകള്‍ ആണെങ്കിലും അത് നടപ്പാക്കുമ്പോള്‍ ജോലിസ്ഥലത്തും ഓഫീസുകളിലും ഫാക്ടറികളിലും എല്ലാം സാമൂഹിക അകലം ഉറപ്പാക്കുന്നതടക്കമുള്ള മുന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം.

കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളോ മാര്‍ഗ്ഗരേഖകളോ സന്ദര്‍ഭം ആവശ്യപ്പെടുന്നതിനനുസരിച്ച് പുറപ്പെടുവിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്. അതേസമയം 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഒന്നിലും മയപ്പെടുത്തല്‍ ഉണ്ടാകാന്‍ പാടില്ല എന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

ആയുഷ് അടക്കം എല്ലാ ആരോഗ്യ സേവനങ്ങളും പ്രവര്‍ത്തിക്കും.ഇതില്‍ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍ , ക്ലിനിക്കുകള്‍, ടെലിമെഡിക്കല്‍ സൗകര്യം, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍ എന്നിവയും എല്ലാവിധ മരുന്ന് കടകളും മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളും ഉള്‍പ്പെടും.
ലാബറട്ടറികളും മൃഗചികിത്സ സൗകര്യങ്ങളും ഇതിന്റെ ഭാഗമാണ്. കൊറോണ നിയന്ത്രണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. വൈദ്യചികിത്സ രംഗവുമായി ബന്ധപ്പെട്ട ഉല്‍പാദന മേഖലകളും തുറന്നു പ്രവര്‍ത്തിക്കും.ആംബുലന്‍സ് അടക്കം ആരോഗ്യരംഗത്ത് ആവശ്യമുള്ളവ ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ട്.

കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയും പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തിക്കും. പ്രവര്‍ത്തന മേഖലകള്‍ ഈ പറയുന്നവയാണ്. കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും കൃഷി ജോലിയില്‍ ഏര്‍പ്പെടാം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തിക്കും. കര്‍ഷക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചന്തകള്‍ എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, എല്‍പിജി, ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഇനങ്ങള്‍ എന്നിവയുടെ ഗതാഗതം അനുവദിക്കും. ഇവയുടെ കൈ മാറ്റത്തിനായി വാഹനങ്ങള്‍ ചരക്കുമായോ അല്ലാതെയോ സഞ്ചരിക്കുന്നതിന് അനുമതിയുണ്ട്. ഡ്രൈവറടക്കം രണ്ട് പേരെയാണ് വണ്ടിയില്‍ അനുവദിക്കുക. ഹൈവേകളില്‍ ട്രക്കുകള്‍ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും അനുമതിയുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ തമ്മിലുള്ള അകലം സര്‍ക്കാരുകള്‍ തീരുമാനിക്കും.

റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം, ലാന്‍ഡ് പോര്‍ട്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് സഞ്ചരിക്കുന്നതിന്് അനുമതിയുണ്ട്. പക്ഷേ ഇതിനുള്ള അനുമതി പത്രം പ്രാദേശിക അധികാരികള്‍ നല്‍കണം.

അവശ്യവസ്തുക്കളുടെ വിതരണത്തിന് അനുമതിയുണ്ട്. അവയുടെ ഉല്‍പ്പാദനം മൊത്ത ചില്ലറ വിതരണം ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കും. കൃത്യമായ സാമൂഹിക അകലം പാലിച്ച് വേണം പ്രവര്‍ത്തിക്കുവാന്‍. ഭക്ഷ്യ പച്ചക്കറി തുടങ്ങിയ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ പഴങ്ങളും പച്ചക്കറികളും പാല്‍ അനുബന്ധ ഉത്പന്നങ്ങള്‍ ഇറച്ചിക്കോഴി, മാംസം, മത്സ്യം, കാലിത്തീറ്റ തുടങ്ങിയവയുടെ ഉത്പാദനം, എന്നിവ വിതരണം നിയന്ത്രണങ്ങളോടെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നേരിട്ട് ഉപഭോക്താക്കളില്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന വിധത്തില്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കണം. വിതരണത്തിന്റെ പേരില്‍ കൂടുതല്‍ ആളുകള്‍ പൊതുസ്ഥലത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്.

സ്വകാര്യ വാണിജ്യ മേഖലയിലെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. ഡിടിഎച്ച് കേബിള്‍ സര്‍വീസ് എന്നിവയ്ക്കും അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.വിവരസാങ്കേതികവിദ്യയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 50 ശതമാനം വരെ പ്രവര്‍ത്തനങ്ങള്‍ ആകാം . സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി കോള്‍ സെന്ററുകള്‍ക്കും ഡാറ്റാ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

പഞ്ചായത്തുതലത്തില്‍ സര്‍ക്കാര്‍ അനുമതിയുള്ള പൊതു സേവനകേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും അവയുടെ വാഹനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ട് . കൊറിയ സര്‍വീസുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസുകള്‍, ചരക്കു വിനിമയ സംവിധാനങ്ങള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ഓഫീസുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷ സേവനങ്ങള്‍ക്ക് അനുമതിയുണ്ട്.

ലോക് ഡൗണ്‍ മൂലം കഴിയേണ്ടിവരുന്ന ടൂറിസ്റ്റുകള്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, കപ്പല്‍ വിമാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, എന്നവര്‍ താമസിക്കുന്ന ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ലോഡ്ജുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതാണ്.

രോഗബാധ സംശയിക്കുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

ഇലക്ട്രിഷന്‍മാര്‍, ഐ ടി റിപ്പയറിങ് ജോലികള്‍ ചെയ്യുന്നവര്‍, പ്ലംബര്‍മാര്‍, മോട്ടോര്‍ മെക്കാനിക്കുകള്‍, ആശാരിമാര്‍ തുടങ്ങിയ രംഗങ്ങളില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ സേവനങ്ങള്‍ നല്‍കാം.

സ്വകാര്യ-സര്‍ക്കാര്‍ മേഖലകളിലുള്ള താഴെപ്പറയുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ട് .

കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവയുടെ പരിമിതിക്കകത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാമീണമേഖലയിലെ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

പ്രത്യേക സാമ്പത്തിക മേഖലകള്‍, കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍, ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍, എന്നിവിടങ്ങളിലെ മാനുഫാക്ചറിങ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ട് . എന്നാല്‍ സ്ഥാപനങ്ങളോടനുബന്ധിച്ച് ജോലിക്കാര്‍ക്ക് താമസിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ നല്‍കിയിരിക്കണം. ഇവരുടെ താമസസ്ഥലവും ജോലി സ്ഥലവുമായി ബന്ധിപ്പിക്കുന്നതിനുള്ള യാത്രാസൗകര്യങ്ങള്‍ വ്യവസായികള്‍ തന്നെ ഉറപ്പുവരുത്തണം. അവയാകട്ടെ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള വിധത്തിലായിരിക്കണം.

മരുന്നുകള്‍, അവശ്യസാധനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ക്കും അവയ്ക്കു വേണ്ട അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ട് .

ഗ്രാമീണ മേഖലകളിലെ ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഐടി ഹാര്‍ഡ് വെയര്‍ നിര്‍മാണ സ്ഥാപനങ്ങള്‍, കല്‍ക്കരി ഉല്‍പ്പാദനം, ഖനികള്‍, ഖനിജങ്ങളുടെ ഉല്‍പ്പാദനങ്ങള്‍ അവയുടെ ചരക്കുഗതാഗതം, ഖനനത്തിന് ആവശ്യമുള്ള സ്‌ഫോടകവസ്തുക്കളുടെ വിതരണം, പാക്കിംഗ് മെറ്റീരിയല്‍ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍, ചണ വ്യവസായം, എണ്ണ പ്രകൃതിവാതക ഖനനം, അതിന്റെ സംസ്‌കരണം എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം പക്ഷേ സാമൂഹിക അകലം ഉള്‍പ്പെടെ ലോക ഡൗണ്‍ കാലത്തെ മുന്‍കരുതലുകള്‍ സ്വീകരിച്ചു വേണം.

ഗ്രാമീണ മേഖലയിലെ ചുടുകട്ട നിര്‍മ്മാണ യൂണിറ്റിന് പ്രവര്‍ത്തനാനുമതി ഉണ്ട് .

നിര്‍മാണ മേഖലയിലെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. റോഡ്, ജലസേചനപദ്ധതികള്‍, കെട്ടിട നിര്‍മ്മാണം, എല്ലാതരം വ്യവസായ പദ്ധതികളുടെ നിര്‍മ്മാണം, എന്നിവ ഗ്രാമീണമേഖലയില്‍ അനുവദിക്കും. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളുടെ എല്ലാവിധ നിര്‍മ്മാണങ്ങള്‍ക്കും റിന്യൂവബിള്‍ എനര്‍ജി പ്രൊജക്റ്റുകള്‍ക്കും അനുമതിയുണ്ട്. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പുറത്തു നിന്ന് ആളുകളെ കൊണ്ടുവന്ന ജോലി ചെയ്യിപ്പിക്കാം. പക്ഷേ വര്‍ക്‌സൈറ്റില്‍ തന്നെ ജോലിക്കാര്‍ ഉണ്ടായിരിക്കണം.

ആളുകളുടെ സഞ്ചാരത്തിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അത്യാവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിനും മൃഗപരിപാലന ആവശ്യങ്ങള്‍ക്കും മനുഷ്യരുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കുമായി അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കാം. മുന്‍സീറ്റില്‍ ഡ്രൈവറും പിന്‍സീറ്റില്‍ ഒരാളും എന്ന ക്രമത്തില്‍ ആയിരിക്കും അനുമതി.

ലോക് ഡൗണ്‍സില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഇളവുകള്‍ ഏതു വിധത്തില്‍, ഏതെല്ലാം ഉള്‍പ്പെടുത്തി കേരളത്തില്‍ നടപ്പാക്കും എന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം