പായിപ്പാട് : നാട്ടിലേക്ക് പോകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് അന്യസംസ്ഥാന തൊഴിലാളികൾ

കോട്ടയം ഏപ്രിൽ 13: നാട്ടിലേക്ക് പോവണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളില്‍ വീണ്ടും ഇതേ ആവശ്യം ഉയരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് രാവിലെ ഡ്രോണ്‍ ഉപയോഗിച്ച്‌ പൊലീസ് ആകാശനിരീക്ഷണം നടത്തി. കൂടാതെ റൂട്ട്മാര്‍ച്ചും നടത്തി.

രാണ്ടാഴ്ച കഴിയുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് സാദ്ധ്യത. ഇതോടെ നാട്ടിലേക്ക് പോവണമെന്ന് ഇവര്‍ വീണ്ടും മുറവിളി കൂട്ടിത്തുടങ്ങി.

അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരുന്നു.

സര്‍ക്കാര്‍ ബസില്‍ തങ്ങളെ ബംഗാളില്‍ എത്തിക്കണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.

അതേസമയം, ഇവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങള്‍ പായിപ്പാട്ട് എത്തിച്ചു നല്കുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തെ ക്കുറിച്ച്‌ യാതൊരു പരാതികളുമില്ല. പാലും തൈരും മില്‍മ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. 4500 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ പായിപ്പാട്ടുള്ള വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.

Share
അഭിപ്രായം എഴുതാം