കോവിഡ് 19: സഹായമായി മാതാ അമൃതാനന്ദമയിയുടെ 13 കോടി രൂപ

തിരുവനന്തപുരം: ആഗോള തലത്തില്‍ വ്യാപകമായ കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി മാതാ അമൃതാനന്ദമയി മഠത്തിന്റെ 13 കോടി രൂപയുടെ സഹായം. 10 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേക്കും, 3 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കുക. ഇതുകൂടാതെ കൊവിഡ് 19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും, മഠത്തിന്റെ കീഴിലുള്ള സര്‍വകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയിലെ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചിലവിലുള്ള മുഖാവരണങ്ങള്‍ , ഗൗണുകള്‍, വെന്റിലേറ്ററുകള്‍, അതിവേഗം തയ്യാറാക്കാവുന്ന ഐസ്വലേഷന്‍ വാര്‍ഡുകള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാജനം ചെയ്യാവുന്ന സംവിധാനങ്ങള്‍, ക്വാറന്റീനിലുള്ള രോഗികളെ നിരീക്ഷണം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകള്‍എന്നിവ വിദഗ്ധരുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തി വരുന്നതിനോടൊപ്പം വൈദ്യ ശാസ്ത്രം, നാനോ സയന്‍സ്, നിര്‍മ്മിത ബുദ്ധി, ബിഗ് ഡാറ്റ, സെന്‍സര്‍ മാനുഫാക്ചറിംഗ്, ശാസ്ത്ര മേഖലകള്‍ എന്നിവയില്‍ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തില്‍ ഉള്ളത്.
കൊറോണ വൊറസിന്റ ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മൂലം മാനസിക സമ്മര്‍ദ്ദവും, വിഷാദവും, മറ്റ് മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃതാനന്ദമയിയുടെ നിര്‍ദ്ദേശപ്രകാരം അമൃത സര്‍വ്വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ടെലിഫോണ്‍ സഹായ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. 0476 280 5050 എന്ന നമ്പരില്‍ വിളിച്ചാല്‍ ഇവിടെ നിന്നും കൗണ്‍സിലിങും ലഭിക്കുമെന്ന് മഠം അറിയിച്ചിച്ചുണ്ട്. അമൃത സര്‍വ്വേയുടെ ഭാഗമായി ദത്തെടുത്ത 101 ഗ്രാമങ്ങളിലെ പ്രതിനിധികളുമായും മഠം അധികൃതര്‍ നിരന്തരമായി ഓണ്‍ലൈന്‍ വഴി സമ്പര്‍ക്കം പുലര്‍ത്തുകയും ഈ ഗ്രാമങ്ങളില്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട അവബോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും , ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും, വ്യാജവാര്‍ത്തകള്‍ പടരാതിരിക്കാനുള്ള മുന്‍ കരുതലുകളും സ്വീകരിക്കുകയും ചില ഗ്രാമങ്ങളിലെ ജനങ്ങളെ മഠത്തിന്റെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയും, സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ്‌ മഠം അറിയിച്ചിട്ടുള്ളത്. 2005 മുതല്‍ ദുരിതാശ്വസത്തിനായി മഠം 500 കോടിയിലധികം രൂപയാണ് ചിലവവഴിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം, ഗാര്‍ഹിക വസ്തുക്കളുടെ വിതരണം, വൈദ്യസഹായം, ഭവനപുനര്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

Share
അഭിപ്രായം എഴുതാം