അന്തരീക്ഷ മലിനീകരണം കൂടിയ പ്രദേശങ്ങളിൽ കോവിഡ് മരണ നിരക്കും കൂടുതലെന്ന് പഠന റിപ്പോർട്ട്‌

ന്യൂഡല്‍ഹി ഏപ്രിൽ 12: അന്തരീക്ഷ മലിനീകരണം കൂടിയ തോതിലുള്ള പ്രദേശങ്ങളില്‍ കോവിഡ് മരണ നിരക്കും കൂടുതലാണെന്ന് പഠനം. ഹാര്‍വാഡ് സര്‍വ്വകലാശാലയിലേയും ടിഎച്ച്‌ ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ഗവേഷകര്‍ അമേരിക്കയിലെ 3080 കൗണ്ടികളിലായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയില്‍ വായുമലിനീകരണം രൂക്ഷമായ ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങള്‍ക്ക് മുന്നറിയിപ്പ് കൂടിയാണ് ഈ പഠനം നല്‍കുന്നത്.

ദീര്‍ഘകാലം മലിനീകരണമുള്ള വായു ശ്വസിച്ചവരിലാണ് കോവിഡ് 19 കൂടുതല്‍ ഗുരുതരമാകുന്നത്. മലിനമായ വായു ശ്വസിച്ചവരില്‍ അല്ലാത്തവരെ അപേക്ഷിച്ച്‌ 15 ശതമാനം മരണ നിരക്ക് കൂടുതലായിട്ടാണ് പഠനം കണ്ടെത്തിയത്. ശ്വാസകോശ അണുബാധ ഇവരില്‍ കൂടുതല്‍ രൂക്ഷമാകുന്നതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്.

കേരളത്തില്‍ അന്തരീക്ഷ മലിനീകരണത്തില്‍ ഗണ്യമായ കുറവുണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 40 ശതമാനം വരെ വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചത്. മാര്‍ച്ച്‌ എട്ടിനെ അപേക്ഷിച്ച്‌ ഏപ്രില്‍ എട്ടിന് 35 മുതല്‍ 40 ശതമാനം വരെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നത്.

Share
അഭിപ്രായം എഴുതാം