കോവിഡ് 19: രാജ്യത്തിന്റെ ഹോട്ട് സ്പോട്ടായി മുംബൈ

മുംബൈ ഏപ്രിൽ 11: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തി മുംബൈ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 132 പുതിയ കോവിഡ് 19 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്.

ഇതോടെ ആകെ കേസുകളുടെ എണ്ണം 1,008 ആയി.

മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ 64 ശതമാനവും മുംബൈയിലാണ്. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം 1,574 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയിൽ സമൂഹവ്യാപനം ആരംഭിച്ചോ എന്ന ആശങ്കയിലാണ് അധികൃതർ. ധാരാവിയിൽ കോവിഡ് ബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചുവെന്നാണ് കണക്കുകൾ.

പ്രതിരോധ പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കുന്നതിനൊപ്പം ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. വെള്ളിയാഴ്ച മാത്രം 1930 പേരെയാണ് നിയമം ലംഘിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

‎‎‎

Share
അഭിപ്രായം എഴുതാം