തിരുവനന്തപുരം ഏപ്രിൽ 4: തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങൾ തുറക്കാൻ കർശന നിയന്ത്രണങ്ങളോടെ സർക്കാർ അനുമതി നൽകി. തേയില തോട്ടങ്ങളിൽ കൊളുന്ത് നുള്ളാനും അത് ഉൽപന്നമാക്കാനും ഫാക്ടറി തുറക്കാം. കൊളുന്ത് നുള്ളാൻ അര ഏക്കറിന് ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. മസ്റ്ററിങ് പൂർണ്ണമായി ഒഴിവാക്കണം. കൊളുന്ത് തൂക്കുന്ന സ്ഥലത്ത് തൊഴിലാളികൾ തമ്മിൽ എട്ടടി അകലം പാലിക്കണം.
ഏലതോട്ടങ്ങളിൽ ജലസേചനം നടത്താം. അത്യാവശ്യ കീടനാശിനി പ്രയോഗവും അനുവദിക്കും. ഇതിനായി ഒരു ഏക്കറിൽ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. ഒരു കാരണവശാലും അതിർത്തി സംസ്ഥാന തൊഴിലാളികളെ നിയോഗിക്കാൻ പാടില്ല. കാപ്പിതോട്ടത്തിൽ ജലസേചനം നടത്തുന്നതിനും കീടനാശിനി പ്രയോഗത്തിനും അനുമതി നൽകി. എണ്ണപ്പന പഴം വിളവെടുക്കുന്നതിനും അത് ഫാക്ടറിയിൽ പ്രോസസ് ചെയ്യുന്നതിനും 15 ഏക്കറിന് 4 തൊഴിലാളികളെ മാത്രമേ നിയോഗിക്കാവൂ.
കശുവണ്ടി ശേഖരിക്കുന്നതിനും അത് യാർഡിൽ എത്തിക്കുന്നതിനും ഒരു ഹെക്ടർ സ്ഥലത്തിന് ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. കോവിഡ് 19 വ്യാപനം തടയുന്നതിന് സർക്കാർ നിർദേശങ്ങൾ ക്യത്യമായി പാലിക്കേണ്ടതാണെന്നും സർക്കാർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന തോട്ടങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുമെന്നും ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് അറിയിച്ചു.