ഒരു പാക്കേജിലും മാധ്യമങ്ങളുമില്ല, മാധ്യമപ്രവര്‍ത്തകരുമില്ല

കലാപത്തിന് കാരണമാകാന്‍ ലക്ഷ്യമിട്ട് ചെയ്ത പ്രവര്‍ത്തി എന്ന് പോലീസ് കണ്ടെത്തിയ വാര്‍ത്താചിത്രം

രാജ്യം ഇരുപത്തൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ഡൗണിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. 130 കോടി ജനങ്ങളാണ് ലോക്ഡൗണിന് വിധേയമായിരിക്കുന്നത്. സര്‍ക്കാരും ജനങ്ങളും തമ്മിലും ജനപ്രതിനിധികളും ജനങ്ങളും തമ്മിലും രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തകരും ജനങ്ങളും തമ്മിലും ഒക്കെയുള്ള ആശയവിനിമയ ബന്ധങ്ങള്‍ നേരിട്ട് നിലവിലില്ലാത്ത സാമൂഹ്യ സാഹചര്യമാണ് ഇന്ത്യയില്‍. പാര്‍ട്ടികള്‍ക്ക് അവരുടെ അണികളെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ ധരിപ്പിക്കുന്നതിന് അവസരമില്ല. സര്‍ക്കാരിന് ജനങ്ങളെ നേരിട്ട് സംബോധന ചെയ്യുവാന്‍ സാഹചര്യങ്ങളില്ല. ജനപ്രതിനിധികള്‍ക്ക് ജനങ്ങളെ കണ്ട് നേരിട്ട് കാര്യങ്ങള്‍ പറയുന്നതിനും അറിയിക്കുന്നതിനും മാര്‍ഗ്ഗങ്ങളില്ല. മതസാമൂഹ്യസംഘടനകളെ സംബന്ധിച്ചാണെങ്കില്‍ അനുയായി വൃന്ദങ്ങളോടോ ആശയങ്ങളും അഭിപ്രായങ്ങളും പകരുന്നതിന് അവസരം ഇല്ല. ലോക്ഡൗണ്‍ ആശയവിനിമയത്തിലും നിലനില്‍ക്കുകയാണ്. എന്നാല്‍ 130 കോടി ജനങ്ങളും ലോക്ഡൗണിനെ അംഗീകരിച്ച് കൊറോണ ബാധയെ തടയുന്ന സാഹചര്യം രാജ്യത്ത് സംജാതമാക്കിയതില്‍ പ്രധാന സംഭാവന ആരുടേതാണ് എന്ന ചോദ്യം ചോദിച്ചേ മതിയാവൂ.

വേണ്ടതുമാത്രം ജനങ്ങളില്‍ എത്തിക്കുകയും വേണ്ടാത്തവ എത്തിക്കാതിരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്ത്വം സ്വയം ഏറ്റെടുത്ത് ഈ ജോലി രാജ്യത്തിനുവേണ്ടി ഇന്ന് അനുഷ്ഠിച്ചു വരുന്നത് ഇന്ത്യയിലെ മാധ്യമങ്ങളും അതില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായ മാധ്യമപ്രവര്‍ത്തകരുമാണ്. അവര്‍ സൃഷ്ടിക്കുന്ന മാനസിക അന്തരീക്ഷമാണ് ലോക്ഡൗണിനെ വിജയമാക്കി മാറ്റിയിരിക്കുന്നത്. 130 കോടി ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുസരിച്ച് ശാന്തരും സംയമനമുള്ളവരുമായി പെരുമാറാന്‍ പഠിപ്പിക്കുന്ന വലിയൊരു സ്ഥാപനമായി ഇന്ത്യന്‍ മാധ്യമരംഗം മാറിയിട്ടുണ്ട്.

ഏതാനും ആളുകളുടെ വാട്‌സ്അപ് സന്ദേശങ്ങള്‍ കൊണ്ട് ലോക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ഒന്നിച്ച് കേരളത്തില്‍ പായിപ്പാട് ടൗണില്‍ സംഘടിച്ചത് നമ്മള്‍ കണ്ടു.ഇന്‍ഡോറില്‍ ചെവിക്ക് ചെവി പ്രചരിപ്പിച്ച കിംവദന്തിയുടെ അടിസ്ഥാനത്തില്‍ നൂറുകണക്കിന് ആളുകള്‍ കല്ലും തടിയുമായി റോഡില്‍ ഇറങ്ങി ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും ആട്ടിയോടിച്ചതും കണ്ടു. തെറ്റായ ഒരു ആശയമോ വിവരമോ ജനങ്ങളില്‍ എത്തുവാനിടയായ അവരുടെ പെരുമാറ്റം സാമൂഹ്യ ഉത്തരവാദിത്തം ഇല്ലാത്തതോ വികൃതമോ ആയി മാറും. മാധ്യമപ്രവര്‍ത്തകര്‍ എഴുതുകയും കാണിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ എവിടെയെങ്കിലും വീഴുന്ന ഒരു തുള്ളി അസത്യം സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കും. ലോക്ഡൗണിന്റെ ഇത്രയും ദിവസങ്ങള്‍ കടന്നുപോയിട്ടും ഒരു വരിയിലോ വാക്കിലോ ആ പിഴവ് സംഭവിക്കാതെ ഇന്ത്യന്‍ മാധ്യമങ്ങള്‍ സാമൂഹ്യ ഉത്തരവാദിത്വത്തോടുകൂടി ആ പങ്ക് നിര്‍വഹിച്ചു. അതിന് പിന്നില്‍ ലക്ഷക്കണക്കിന് മാധ്യപ്രവര്‍ത്തകര്‍ ഉണ്ട്. ഗ്രാമീണ ലേഖകരും വീഡിയോ ഗ്രാഫര്‍മാരും തുടങ്ങി നിരവധി ആളുകളുടെ ശുഷ്‌കാന്തിയും സത്യസന്ധതയും ഉണ്ട്. ഇത് വിലയിരുത്താതെ സമൂഹത്തിന് മുമ്പോട്ടുപോകുവാന്‍ കഴിയുകയില്ല.

ജേര്‍ണലിസത്തിലും മാസ്‌കമ്മ്യൂണിക്കേഷനിലും ബിരുദമോ ബിരുദാനന്തരബിരുദമോ ഇല്ലാതെ പത്ര ചാനല്‍ ആഫീസുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ദൃശ്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്ന ഗ്രാമീണ ലേഖകരില്‍ പോലും ഉയര്‍ന്ന മാധ്യമ സദാചാര ബോധം കുടികൊള്ളുന്നു എന്നതാണ് സത്യം. ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ പക്വതയും പൂര്‍ണ്ണതയുമാണ് കോവിഡ് കാലഘട്ടത്തില്‍ വെളിവായിട്ടുള്ളത്.

തികഞ്ഞ പ്രൊഫഷണലിസത്തോടേയും മാധ്യമ ധാര്‍മ്മികതയോടേയും കടമകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും സ്ഥിതിയും അവസ്ഥയും എന്താണെന്നും ഈ ഘട്ടത്തില്‍ പരിശോധിക്കണം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു മാസ്‌ക്‌പോലും സര്‍ക്കാര്‍തലത്തില്‍ വിതരണം ചെയ്തിട്ടില്ല. യാതൊരുവിധ സുരക്ഷിതത്വ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാതെയാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരിലെ നല്ലപങ്കും ഈ കൊറോണക്കാലത്ത് അവരുടെ ദൗത്യം നിര്‍വ്വഹിച്ചുവരുന്നത്. അതും പിഴവുകള്‍ ഒന്നും ഇല്ലാതെആരോടും വെറുപ്പില്ലാതെ.

ഏറ്റവുമധികം അസൗകര്യങ്ങളില്‍ അരക്ഷിതത്വത്തില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍#്തകര്‍ക്കുനേരെ അധികാരികളുടെ ഭാഗത്തു നിന്ന് മോശമായ പെരുമാറ്റവും ആക്രമണങ്ങളും അരങ്ങേറുകയാണ്. രാജ്യത്തെമ്പാടും നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ഗ്രാമീണ ലേഖകര്‍വരെ അവരുടെ ചുറ്റളവില്‍ നിന്നു വിവരം ശഖരിക്കുന്നതിനിടയില്‍ പോലീസിന്റെ ഗുണ്ടായിസത്തിന് വിധേയമാകുന്നുണ്ട്. ആന്ധ്രയിലും തെലുങ്കാനയിലും നിരവധി മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. കൊറോണയ്ക്കു മുമ്പുള്ളകാലത്ത് നടത്തിയ റിപ്പോര്‍ട്ടിങ്ങുകളുടെ പേരില്‍ പകയുള്ള പോലീസ് ഇപ്പോള്‍ 144ന്റെ മറവില്‍ തിരിച്ചുകൊടുത്തു കൊണ്ടിരിക്കുകയാണ്. തിരഞ്ഞു പിടിച്ചു മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു വരുകയാണ്. കോഴിക്കോട് പട്ടിണി കിടക്കുന്ന തെരുവോരവാസി പൈപ്പുവെള്ളം ശേഖരിക്കുന്ന ഫോട്ടോ എടുത്ത ഫോട്ടോ ജര്‍ണലിസ്റ്റ് ബൈജു കൊടുവള്ളിക്കെതിരെ കലാപശ്രമമാണ് ചുമത്തിയിരിക്കുന്ന കുറ്റം.

അധികാരികളുടെ പീഡനങ്ങള്‍ക്കിരയാവുന്നുണ്ട് എങ്കില്‍പ്പോലും മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും സംയമനം കൈവിടാതെയും വാര്‍ത്തകളില്‍ അത് നിഴലിക്കാതെയുമാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് ആശയവിനിമയ മേഖല ഉത്തരവാദിത്വത്തോടെയും ഭദ്രമായും നിലകൊള്ളുന്നത്. ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള യാതൊരു പ്രതികരണവും പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.

മാധ്യമങ്ങളുടെ സ്ഥിതി വളരെ ഗുരുതരമാണ്. പ്രത്യേകിച്ച് അച്ചടി മാധ്യമങ്ങളുടെ കാര്യം. ചെറുകിട പത്രങ്ങളുടെ അച്ചടി നിലച്ചിരിക്കുന്നു. ഉച്ചപത്രങ്ങളും സായാഹ്ന പത്രങ്ങളും പലതും നിന്നുകഴിഞ്ഞു. പ്രമുഖ പത്രങ്ങളടക്കം പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഒരു ചായയുടെ വിലയേക്കാള്‍ താഴ്ന്ന തുകയ്ക്കാണ് പത്രം വിറ്റുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന്റെ ഉല്‍പ്പാദനച്ചെലവ് വിലയുടെ മൂന്നിരട്ടിയാണ്. പരസ്യവരുമാനമായിരുന്നു പ്രധാന വരുമാന സ്രോതസ്സ്. ലോക്ക്ഡൗണോടെ പരസ്യങ്ങള്‍ ഇല്ലാതെ ആയി. അതിനു പുറമെ പത്രങ്ങളിലൂടെ വൈറസ് പകരും എന്ന കിംവദന്തി വ്യാപകമായതോടെ സര്‍ക്കുലേഷനിലും തകര്‍ച്ചയുണ്ടായി. റസിഡന്റ് അസോസിയേഷനുകളും ഫഌറ്റ് വെല്‍ഫെയര്‍ കമ്മറ്റികളും സംഘടിതമായി അച്ചടി മാധ്യമങ്ങള്‍ക്കെതിരെ നിലപാടെടുത്തു. ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സമൂഹത്തോടുള്ള ഉത്തരവാദിത്വം അച്ചടിമാധ്യമങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു വരികയാണ്. പക്ഷേ, ന്യൂസ് പ്രിന്റിന്റെ നികുതിയടക്കം കാര്യങ്ങളില്‍ ഇളവനുവദിച്ച് സഹായിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിസന്ധി നേരിടുന്ന അച്ചടിമാധ്യമങ്ങള്‍ക്ക് യാതൊരുവിധ സഹായവും ഉണ്ടായിട്ടില്ല. വരുന്ന മാസങ്ങളില്‍ ടെലിവിഷന്‍ മാധ്യമങ്ങളുടെ വരുമാനത്തില്‍ 50 ശതമാനം കുറവ് അനുഭവപ്പെടും എന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വാര്‍ത്താ ചാനലുകളെ ഇത് ഗുരുതരമായി ബാധിക്കാന്‍ പോവുകയാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രശംസനീയമായ സേവനമാണ് ഈ കാലയളവില്‍ നിര്‍വ്വഹിച്ചു വരുന്നത്. അവയുടെ പ്രചാരത്തിലും മുന്നേറ്റമുണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്ഥാനം ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ സുസ്ഥിരമാകാന്‍ പോകുന്ന ഒരു ദശാസന്ധികൂടിയാണിത്. എന്നാല്‍ ഇതുവരെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊപ്പം പരിഗണിക്കുവാനോ അവര്‍ക്ക് പ്രോത്സാഹനം നല്‍കുവാനോ സര്‍ക്കാര്‍ തീരുമാനം ഇല്ല. മാധ്യമങ്ങളെ സഹായിക്കുന്ന യാതൊരു നിലപാടും സര്‍ക്കാരിന്റെ ഒരു പാക്കേജിലും വന്നിട്ടില്ല. ഇതേ കാര്യംതന്നെയാണ് ലക്ഷക്കണക്കിനു വരുന്ന മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തിലും. കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ഒരു പാക്കേജിലും മാധ്യമങ്ങളുമില്ല, മാധ്യമ പ്രവര്‍ത്തകരുമില്ല. ഈ നിഷേധാത്മക സമീപനം ഗൗരവമുള്ളതാണ്. ശബ്ദമുയര്‍ത്തേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളും പ്രവര്‍ത്തകരും മാത്രമല്ല, പൊതുസമൂഹവും അതിനെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുമാണ്. ഈ കാര്യത്തില്‍ അവരുടെ അഭിപ്രായം മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അനുകൂലമായി ഉയരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ലേഖകന്‍ ഇന്ത്യന്‍ ജര്‍ണലിസ്റ്റ് യൂണിയന്റെ ദേശീയസെക്രട്ടറി ആണ്‌. വാട്‌സ് ആപ് നമ്പര്‍: 8281058888)

Share
അഭിപ്രായം എഴുതാം