ന്യൂയോർക്ക് ഏപ്രിൽ 4: കൊറോണ മഹാമാരിയിൽ അമേരിക്കയിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇന്നലെ മാത്രം 1480 പേർ കൂടി മരിച്ചതോടെ രാജ്യത്ത് ഇതുവരെ 7328 പേരുടെ ജീവൻ വൈറസ് കവർന്നു. ഒരു ദിവസം രോഗം മൂലം ഇത്രയും മരണം മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല എന്നത് അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി.
ഇതിനിടെ ലോകത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം. വെള്ളിയാഴ്ചയിലെ റിപ്പോർട്ടുകളനുസരിച്ച് 1,098,006 പേരിൽ കൊറോണ ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 82,745 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ മരണവും റിപ്പോർട്ട് ചെയ്തു. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 59,140 ആയി.
ഇറ്റലിയിൽ 766 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഇവിടെ ആകെ മരണം 14681 ആയി. സ്പെയിനിൽ ഇന്നലെ മരിച്ച 850 പേരടക്കം ആകെ മരണസംഖ്യ 11198 ഉം ആയി. ഇറ്റലിക്കും സ്പെയിനിനും പിന്നാലെ കൊറോണയുടെ അടുത്ത യൂറോപ്യൻ രാജ്യത്തെ ആഘാത കേന്ദ്രമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. 1,120 പേർ 24 മണിക്കൂറിനിടെ ഫ്രാൻസിൽ മരിച്ചു. ഇതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 6507 ആയി. കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലാണ് ഫ്രാൻസിലെ 50 ശതമാനത്തോളം മരണവും.
യുകെയിൽ 684 പേർ വെള്ളിയാഴ്ച മരിച്ചു. ആകെ മരണം 3605 ആയി. അതേ സമയം തന്നെ ലോകത്ത് ഇതുവരെ 228,405 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.