ഏപ്രിൽ 15 മുതൽ സർവീസ് നടത്താനൊരുങ്ങി വിമാനകമ്പനികൾ

കൊച്ചി ഏപ്രിൽ 4: യാത്രാ വിലക്കിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ലോക്ഡൗൺ അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം മുതൽ തന്നെ സർവീസുകൾ നടത്താനൊരുങ്ങി വിമാനക്കമ്പനികൾ. ആഭ്യന്തര സർവീസ് നടത്തുന്ന കമ്പനികൾ ഏതാണ്ട് പൂർണമായും രാജ്യാന്തര സർവീസുകൾ നടത്തുന്ന കമ്പനികൾ ഭാഗികമായും ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഈ മാസത്തെ ബുക്കിങ്ങുകൾക്ക് റീഫണ്ട് അനുവദിക്കില്ല എന്ന പുതിയ ഉപാധിയോടെയാണ് മിക്ക വിമാനക്കമ്പനികളും ടിക്കറ്റ് വിൽക്കുന്നത്.

എന്തെങ്കിലും കാരണവശാൽ ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്നാൽ ഉപയോക്താവിന് ഒരു ക്രെഡിറ്റ് നോട്ട് നൽകി ഒരു വർഷത്തേയ്ക്ക് സൗജന്യ ടിക്കറ്റുമാറ്റം അനുവദിക്കുന്ന തരത്തിലാണ് എയർലൈൻ കമ്പനികളുടെ പുതിയ ഗൈഡ് ലൈൻ. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള സർവീസുകളുടെ കാര്യത്തിൽ അതതു രാജ്യങ്ങളിലെ വിലക്കുകൾ നീങ്ങുന്നതുകൂടി പരിഗണിച്ചായിരിക്കും സർവീസുകൾ പുനഃരാരംഭിക്കുക. എയർ ഇന്ത്യ, ഗോ എയർ കമ്പനികൾ 15 മുതൽ ടിക്കറ്റ് വിൽപന അനുവദിച്ച് ട്രാവൽ കമ്പനികൾക്ക് അറിയിപ്പു കൈമാറിയിട്ടുണ്ട്.

കൊച്ചിയിൽ നിന്നും കോഴിക്കോടു നിന്നും 15ന് എയർ ഇന്ത്യ ദുബായിലേക്കു സർവീസ് നടത്തുന്നതിന് ടിക്കറ്റ് വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 10,000നും 12,000നും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്. ആഭ്യന്തര സർവീസ് നടത്തുന്ന ഗോ എയർ, ഇൻഡിഗൊ, സ്പൈസ് ജെറ്റ്, എയർ ഏഷ്യ, വിസ്താര തുടങ്ങിയ കമ്പനികൾ നെടുമ്പാശേരി ഉൾപ്പടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആഭ്യന്തര സർവീസുകൾക്കുള്ള ടിക്കറ്റുകൾ വിൽപന തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ലോക്ഡൗൺ നീണ്ടു പോയാലോ, യാത്രാ വിലക്ക് തുടർന്നാലോ പുതിയ ഉപാധി പ്രകാരം പണം തിരിച്ചു നൽകേണ്ടതില്ലാത്തതിനാൽ ഈ പണം കമ്പനിക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ ലഭിക്കും എന്നതാണ് നേട്ടം.

Share
അഭിപ്രായം എഴുതാം