മലപ്പുറം, 03-04-2020
താനൂരില്‍ പണ്ടാര കാന്തപുരം ജങ്ഷനില്‍ ജാബീര്‍ എന്ന 27 വയസുകാരനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ചാപ്പാടി സ്വദേശിയായ ജാബീര്‍, കോവിഡ് 19നുമായി സംബന്ധിച്ച സന്നദ്ധപ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു. ഒരു കൂട്ടം ആളുകള്‍ വടികളുമായി വന്നാണ് ആക്രമിച്ചത്. കൈകളിലും കാലുകളിലും പരിക്കുകളുണ്ട്. ജാബീറിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നേരെ കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഘടിത ആക്രണമാണ്. ഗൗരവത്തോടുകൂടിയാണ് സമൂഹം ഈ സംഭവത്തെ നിരീക്ഷിക്കുന്നത്.
കാന്തപുരം ജങ്ഷനിലുള്ള ഒരു ഷെഡില്‍ ഒരു കൂട്ടം ആളുകള്‍ വന്നിരിക്കാറുണ്ടായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമ്പര്‍ക്കം മൂലം അസുഖം പകരാതിരിക്കാന്‍, ആളുകള്‍ കൂട്ടം കൂടിയിരിക്കുന്നത് തടയുവാനായി ഈ ഷെഡ് പോലീസ് നശിപ്പിച്ചു. ജാബറിനെ പോലുള്ള സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായാണ് ഈ ഷെഡ് പൊളിച്ചു കളഞ്ഞെതെന്ന തെറ്റിദ്ധാരണ സമൂഹത്തിനുണ്ടായിരുന്നു. ഇതില്‍ പ്രകോ പനം കൊണ്ട ഒരു കൂട്ടം ആളുകളാണ് ജാബീറിനെ ആക്രമിച്ചതെന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. കഴിഞ്ഞാഴ്ച ആളുകള്‍ ഇവിടെ കൂട്ടം കൂടിയിരിക്കുന്നതു കണ്ട ജാബീര്‍ അവരോട് മാറിപ്പോകുവാന്‍ പറഞ്ഞാതായും അത് അവരെ പ്രകോപിതരാക്കിയതായും പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വ്യാഴാഴ്ച ഏപ്രില്‍ മൂന്നാം തീയതി വരെ 286 കോവിഡ്19 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് 11 പേര്‍ ചികിത്സയിലാണ്. 13,936 ആളുകള്‍ ഈ ജില്ലയില്‍ തന്നെ നിരീക്ഷണത്തിലുണ്ട്. 13,873 പേര്‍ വീടുകളിലും ബാക്കി 63 പേര്‍ ആശുപത്രികളിലും. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ഇവിടെ അരങ്ങേറുന്നത്.