ന്യൂയോർക്ക് ഏപ്രിൽ 2: ലോകത്താകമാനമായി കൊറോണ വൈറസ് ബാധ 9,35,431 പേരിലേക്കെത്തി. യുഎസിൽ മാത്രം രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്ന് 215,020 ആയി. യുഎസിൽ ഇതുവരെ 4300 ലധികം പേർ മരിച്ചു. ലോകത്തെല്ലായിടത്തുമായി മരിച്ചവരുടെ എണ്ണം 47,194 ആയിട്ടുണ്ട്.
24 മണിക്കൂറിനിടെ യുകെയിലും സ്പെയിനിലും റെക്കോർഡ് മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ 563 ഉം സ്പെയിനിൽ 864 ഉം പേർ കൂടി ബുധനാഴ്ച മരിച്ചു. ഇരുരാജ്യങ്ങളിലും ഒരറ്റദിവസത്തിൽ കൊറോണബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇത് റെക്കോർഡാണ്. സ്പെയിനിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുമുണ്ട്. യുകെയിൽ ആകെ മരണം 2352 ഉം സ്പെയിനിൽ 9387 ഉം ആണ്.
ബ്രിട്ടനിലെ ബുധനാഴ്ചയുണ്ടായ മരണനിരക്കിൽ കൊറോണബാധിച്ച് ചികിത്സയിൽ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. ‘ഇതൊരു അതീവ ദുഃഖകരമായ ദിനമാണെന്നതിൽ സംശയമില്ല. എന്നാൽ സ്വീകരിച്ചിട്ടുള്ള നടപടികൾക്കും സജ്ജീകരണങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. എണ്ണം കുറയും’ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബോറിസ് ജോൺസൻ വ്യക്തമാക്കി.
ഇറ്റലിയിൽ മാത്രം 13,155 പേർ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 727 മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ -4032, ചൈന-3312, ഇറാൻ-3036,നെതർലൻഡ്സ്-1173 എന്നിങ്ങനെയാണ് ആകെ മരിച്ചവരുടെ എണ്ണം. ഒരാഴ്ച കൊണ്ട് ലോകമാകമാനം നാല് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.