പാചക വാതകത്തിന്റെ വില കുറഞ്ഞു

ന്യൂഡൽഹി ഏപ്രിൽ 1: രാജ്യത്ത് പാചകാവശ്യത്തിനുള്ള വാതകത്തിന്‍റെ വില കുറഞ്ഞു. ഗാർഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് ഇന്നത്തെ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് ഇന്നത്തെ വില. 

പുതിയ വില ഇന്നു മുതൽ നിലവിൽ വന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വിപണിയിലും വില കുറയാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നേരത്തേ മാർച്ച് ആദ്യവാരവും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു. 2019 ഓഗസ്റ്റിന് ശേഷം, എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചത് കഴിഞ്ഞ മാസമാണ്. മാർച്ചിന് മുമ്പ്, ആറ് മാസത്തിനിടെ ആറ് തവണ വില കൂട്ടിയിരുന്നു. അമ്പത് ശതമാനം വിലവർദ്ധനയാണ് അതുവരെ ഉണ്ടായത്.

ഇതിൽത്തന്നെ ഗാർഹിക ഉപഭോക്താക്കളെ ഞെട്ടിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലെ വിലവർദ്ധനയാണ്. ഒറ്റയടിക്ക് 146 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയത്. വില കൂടിയെങ്കിലും കൂട്ടിയ തുക സബ്‍സിഡിയായി തിരികെ അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് എണ്ണ കമ്പനികൾ പറഞ്ഞിരുന്നെങ്കിലും വൻ പ്രതിഷേധമാണ് ഉണ്ടായത്.
‎‎‎

Share
അഭിപ്രായം എഴുതാം