കോവിഡ് ബാധിച്ച് കേരളത്തിന്‌ പുറത്ത്‌ നാലുമലയാളികൾ മരിച്ചു

തിരുവനന്തപുരം ഏപ്രിൽ 1: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ ആയിരുന്ന നാലു മലയാളികൾ കേരളത്തിനു പുറത്തു മരിച്ചു. യു.എസിൽ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ്(43) ന്യൂയോർക്കിലാണ് മരിച്ചത്. ന്യൂജഴ്സിയിൽ മരിച്ച കുഞ്ഞമ്മ സാമുവൽ (85) ആണ് കൊറോണ വൈറസ് ബാധയെ തുടർന്ന് യു.എസിൽ മരിച്ച രണ്ടാമത്തെ മലയാളി. എറണാകുളം രാമമംഗലം സ്വദേശിയാണ്.

സാക്കിനാക്കയിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകനാ(60)ണ് മുംബൈയിൽ മരിച്ചത്. ചൊവ്വാഴ്ചയാണ് ഇയാൾ പനി ബാധിച്ച് വീട്ടിൽവച്ച് മരിച്ചത്. ഒരാഴ്ച മുമ്പേ പനി ബാധിച്ച ഇദ്ദേഹം ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ പനി മൂർച്ഛിച്ചാണ് മരിക്കുന്നത്.

മരണശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഏറെ താമസിക്കുന്ന ചേരിപ്രദേശമാണ് സാക്കിനാക്കി.

കൊറോണ വൈറസ് ബാധിച്ച് ദുബായിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചതായി തൃശൂരിലെ ബന്ധുക്കൾ അറിയിച്ചു. തൃശൂർ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദാ(67)ണ് മരിച്ചത്. മറ്റു പല രോഗങ്ങൾക്കുമായി ദുബായ് റാശിദ് ആശുപത്രിയിൽ ഇയാൾ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായിൽ നീരീക്ഷണത്തിലാണ്.
‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →