കണ്ണൂർ എസ്പി യുടെ ഏത്തമിടുവിക്കൽ: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കണ്ണൂർ മാർച്ച്‌ 28 : ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സർക്കാർ നിർദ്ദേശങ്ങൾ  പാലിക്കാൻ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന്  സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന്   ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. 

എസ് പി യുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. 

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്.  ഒരു  സാഹചര്യത്തിലും  പോലീസ് നിയമം ലംഘിക്കരുതെന്ന്  ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ എസ് പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി  ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. നിയമം കർശനമായി നടപ്പിലാക്കണം.  എന്നാൽ   ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ  പോലീസിന് അധികാരമില്ല.  വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ലോക്ക് ഡൗൺ സമയത്ത്‌ പുറത്തിറങ്ങിയവരെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തിൽ യതീഷ് ചന്ദ്രയോട് വിശദീകരണം ചോദിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകൾ നിർദ്ദേശം അനുസരിക്കാത്തതിനാലാണ് ഏത്തമിടീപ്പിച്ചതെന്നാണ് യതീഷ് ചന്ദ്രയുടെ പ്രതികരണം. മര്യാദയോടെ കാര്യങ്ങൾ പറയുമ്പോൾ ആളുകൾ അനുസരിക്കാൻ തയ്യാറാകുന്നില്ലെന്നും യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ അഴീക്കലിലായിരുന്നു ഇന്ന് സംഭവം നടന്നത്.

Share
അഭിപ്രായം എഴുതാം