തിരുവനന്തപുരം മാർച്ച് 28: ഇടുക്കിയിലെ കൊറോണ ബാധിതനായ കോൺഗ്രസ്സ് നേതാവിന്റെ സമ്പർക്ക പട്ടിക 3000 പേരാണെന്നറിഞ്ഞ് ഭയന്നു നിൽക്കുകയാണ് കേരളം. കാസർകോട്ടുകാരന്റെ പുറത്തായ സമ്പർക്ക പട്ടികയും ചെറിയതല്ല. അതിലെത്ര പേർക്ക് കോവിഡ് ബാധയുണ്ടെന്നറിയുവാൻ ഇനി അധിക ദിവസം വേണ്ട. സൂചനകൾ വച്ച് ഭയപ്പെടുത്തുന്ന സാഹചര്യമാണ് മുമ്പിൽ. എന്നാൽ ഒരു മതപ്രചാരകനാണ് ഇന്ത്യയിൽ കോവിഡ് പ്രചാരകരിൽ ഇപ്പോൾ മുന്നിൽ . ചുറ്റിലും നടക്കുന്ന കാര്യങ്ങളെപ്പറ്റി മനസ്സിലാക്കാതെ ഉലകം ചുറ്റി ധർമ്മ പ്രചരണം നടത്തുമ്പോൾ അദ്ദേഹം അറിഞ്ഞില്ല, നടക്കുന്നത് വൈറസ് പ്രസരണമാണെന്ന് .ആത്മീയ മനുഷ്യനുമായി സമ്പർക്കം പുലർത്തിയ 26,000 പേർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതിൽ എത്ര പേർ രോഗബാധിതരാണെന്ന് വൈകാതെ അറിയാം.
പഞ്ചാബിലെ 24 ഗ്രാമങ്ങളിലായി 26, 000 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ച 38 പേരിൽ 28 പേർ ബൽദേവ് സിങ്ങുമായി (70) നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്.
നവൻഷർ ജില്ലയിലെ പത് വാല ഗ്രാമത്തിലെ വൈദികനായ ബൽദേവ് സിംഗ് മതപരമായ പ്രാർത്ഥനകൾക്കായി ജർമ്മനിയിലും ഇറ്റലിയിലും യാത്ര ചെയ്തിരുന്നു. അയൽ ഗ്രാമത്തിലെ രണ്ട് പേരും സിംഗിന്റെ ഒപ്പമുണ്ടായിരുന്നു. മാർച്ച് 7 ന് ആണ് ഇവർ ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. തുടർന്ന് കോവിഡ് 19 സ്ഥിരീകരിച്ചതിനു ശേഷം മാർച്ച് 18ന് ബംഗയിലെ സിവിൽ ആശുപത്രിയിൽ വെച്ച് ബൽദേവ് സിംഗ് മരിച്ചു.
സിംഗിന്റെ കുടുംബത്തിലെ 14 അംഗങ്ങൾക്ക് (മൂന്ന് ആൺമക്കൾ, മകൾ, മരുമകൾ, ആറുകൊച്ചുമക്കൾ) കോവിഡ് 19 സ്ഥിരീരീകരിച്ചു.