കോവിഡ് ബാധിച്ച് മരിച്ചയാളെ അതീവ ജാഗ്രതയിൽ സംസ്ക്കരിച്ചു


കൊച്ചി മാർച്ച്‌ 28: കോവിഡ് ബാധിതനായി മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കര്‍ശന വ്യവസ്ഥകളോടെ ചുള്ളിക്കൽ കച്ചി അനഫി മസ്ജിദിലാണ് സംസ്കാരം നടന്നത്. കോവിഡ് 19 പ്രോട്ടോകോൾ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. ആചാരം അനുസരിച്ച് സംസ്കാര കര്‍മ്മങ്ങൾ ചെയ്യാൻ ബന്ധുകളെ അനുവദിച്ചെങ്കിലും മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ അനുവാദം ഉണ്ടായിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കളായ കുറച്ചുപേർ മാത്രമാണ് സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തത്.

സംസ്കാര ചടങ്ങുകളിൽ വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമെ പങ്കെടുക്കാൻ അനുവാദമുള്ളൂ എന്ന് കർശന നിർദേശമുണ്ടായിരുന്നു. ഭാര്യക്കും മകൾക്കും വീഡിയോ വഴി കാണിച്ചുകൊടുത്ത ശേഷമാണ് മൃതദേഹം പാക്ക് ചെയ്തത്. സംസ്കാര കര്‍മ്മങ്ങൾ നടത്താൻ അനുവദിക്കുമെങ്കിലും മൃതദേഹത്തിൽ സ്പർശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. ആചാരം അനുസരിച്ചുള്ള കർമ്മങ്ങൾ മൃതദേഹത്തിൽ സ്പർശിക്കാതെ ചെയ്യാം. മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്ക്, ഗ്ലൗസ് ഉൾപ്പെടെ ധരിക്കണം എന്നായിരുന്നു വ്യവസ്ഥ. 

കേരളത്തിലെ ആദ്യ കോവിഡ് മരണം നടന്ന കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സുരക്ഷാ മുൻകരുതലുകളെല്ലാം പാലിച്ചാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്ക് അഞ്ച് മീറ്റർ അകലെ നിന്നാണ് മൃതദേഹം കാണാൻ അവസരമൊരുക്കിയത്. 10 അടി താഴ്ചയിൽ ആണ് ശരീരം മറവ് ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്. 

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട 84 പേർ നിരീക്ഷണത്തിലാണ്. മരിച്ച ആളുടെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇയാളെ എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിച്ച ഡ്രൈവറും രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സയിലാണ്.
‎‎‎

Share
അഭിപ്രായം എഴുതാം