നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തടസ്സ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച തടസ്സ ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദമാണ് കോടതി തള്ളിയത്. ഇക്കാര്യം പരിഗണിച്ച് തന്‍റെ വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു പവന്‍ ഗുപ്തയുടെ ആവശ്യം. കേസിലെ നാലുപ്രതികളുടെയും വധശിക്ഷ നാളെ രാവിലെ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തടസ്സ ഹര്‍ജി കോടതി തള്ളിയത്. ജസ്റ്റിസ് ആര്‍വി രാമണ്ണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ആറംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

കേസിലെ നാലുപ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് സിങ് എന്നിവരുടെ വധശിക്ഷ മാര്‍ച്ച് 20ന് രാവിലെ 5.30ന് നടത്താന്‍ പട്യാല ഹൗസ് കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം