കോവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ ജോലിയില്‍ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മാര്‍ച്ച് 18: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ അടിയന്തിരമായി ജോലിയില്‍ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടന്‍ തന്നെ നടപടിയുണ്ടാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നതാണ്. കേരളം ഒന്നടങ്കം വൈറസ് ബാധയ്ക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ അവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം