തിരുവനന്തപുരം മാർച്ച് 17: സംസ്ഥാനത്ത് പുതുതായി മൂന്നുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് രണ്ടുപേർക്കും കാസർകോട് ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവർ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ തുടരുന്നവരായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതിൽ മൂന്നുപേരുടെ രോഗം നേരത്തെ ഭേദമായിരുന്നു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 12,740 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 12,470 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച പുതുതായി 72 പേരെ നിരീക്ഷണത്തിനായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 2297 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 1693 എണ്ണത്തിന് രോഗബാധയില്ലെന്നാണ് ഫലം ലഭിച്ചത്.
സർവകക്ഷിയോഗത്തിൽ കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നാടൊന്നിച്ച് രോഗഭീഷണി നേരിടണമെന്ന വികാരമാണ് സർവകക്ഷി യോഗത്തിൽ പ്രകടിപ്പിച്ചത്. പ്രതിരോധപ്രവർത്തനങ്ങളുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കക്ഷിനേതാക്കളും സഹകരണാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സർക്കാരിന് നൽകുന്ന ഊർജം വലുതാണ്. പ്രാദേശികതലത്തിലടക്കം ഈ സഹകരണം ശക്തിയായി തുടരും. എല്ലാ വകുപ്പുകളും ആരോഗ്യവകുപ്പുമായി യോജിച്ച് പ്രവർത്തിക്കുന്ന നിലയാണുള്ളത്. ഇതിനായി വിവിധ സെക്ടറൽ കമ്മിറ്റികൾ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കും. ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കാൻ സെക്രട്ടറിതലത്തിൽ മുതിർന്ന സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റിയുമുണ്ടാകും. അവർ വിവിധതലത്തിൽ ജില്ലകളിൽ ഇടപെടും.
സർക്കാർ ആദ്യഘട്ടം മുതൽ നടത്തിയ ഇടപെടൽ ഫലമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഏർപ്പെടുത്തിയതും ജനങ്ങൾ സ്വമേധയാ പാലിച്ചതുമായ നിയന്ത്രണങ്ങൾ ദൈനംജീവിതത്തെ ബാധിക്കുന്നുണ്ട്. ആശങ്ക കാരണം സാധാരണനിലയിലുള്ള വ്യാപാരം കച്ചവടസ്ഥാപനങ്ങളിൽ നടക്കുന്നില്ല. തൊഴിൽശാലകളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, സാമൂഹികജീവിതം സാധാരണരീതിയിൽ മുന്നോട്ടുപോകേണ്ടതുണ്ട്. രോഗപ്രതിരോധത്തിന്റേതായ ജാഗ്രത തുടരണം, എന്നാൽ അത് മുഴുവൻ സാമൂഹ്യജീവിതത്തെ സ്തംഭിപ്പിക്കുന്ന നിലയിലാകരുത്. ബസ്, ഓട്ടോ, ടാക്സി അടക്കമുള്ള പൊതുഗതാഗതസംവിധാനവും ആളുകൾ കുറയുന്നതുകാരണം പ്രയാസം നേരിടുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്ക് തന്നെ കോടികളുടെ നഷ്ടമാണ് ദിനേന ഉണ്ടാകുന്നത്. സ്വകാര്യബസുകൾക്ക് ടാക്സ് അടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖലയ്ക്കും നഷ്ടമുണ്ട്.