ന്യൂഡല്‍ഹി മാര്‍ച്ച് 16: ഇറ്റലിയില്‍ നിന്നെത്തിയ ഒഡീഷ സ്വദേശിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിതല ഉപസമിതി യോഗം ചേരും. ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാര്‍ ഉള്‍പ്പെടുന്നതാണ് ഉപസമിതി.
രോഗം സ്ഥിരീകരിച്ച വ്യക്തി ഭുവനേശ്വറില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിനിടെ കോവിഡ് ഭീതിയില്‍ വിപണി ഉത്തേജനത്തിന്റെ ഭാഗമായി യുഎസ് ഫെഡ് റിസേര്‍വ് പലിശനിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറച്ചത് ഇന്ത്യക്ക് തിരിച്ചടിയായി. സെന്‍സെക്സ് 1763 പോയിന്റ് നഷ്ടത്തില്‍ 32391ല്‍ വ്യാപാരം നടക്കുന്നു. നിഫ്റ്റി 485 പോയിന്റ് നഷ്ടത്തില്‍ 9475ല്‍ വ്യാപാരം തുടരുന്നു. സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജില്ലാ ഭരണകൂടങ്ങളുടെ അവലോകനയോഗം വിളിച്ചു.