തൃശൂർ മാർച്ച് 16: കോവിഡ് 19നെ പ്രതിരോധിക്കാൻ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ബോധവൽക്കണം തുടങ്ങി. തൊഴിലാളികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, മുൻകരുതലുകൾ എന്നിവ അവരവരുടെ ഭാഷയിൽ അടങ്ങുന്ന ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തു. നാല് സംഘമായാണ് ബോധവൽക്കരണം നടത്തുന്നത്. ഓരോ സംഘത്തിനൊപ്പം ഇതരസംസ്ഥാന തൊഴിലാളി ഭാഷയറിയുന്നവരും ബോധവൽക്കരണത്തിൽ പങ്കാളികളായി.
തിരൂർ, പുഴയ്ക്കൽ, അടാട്ട്, ഒളരി, ലാലൂർ, പഴുവിൽ, പെരിങ്ങോട്ടുകര, അന്തിക്കാട്, ഉറുമ്പൻകുന്ന്, കല്ലേറ്റുംകര, കൊടകര, പോട്ട, പൊയ്യ, ചൊവ്വന്നൂർ, തിപ്പലശ്ശേരി, പെരുമ്പിലാവ്, ചാത്തുകുളം, മമ്മിയൂർ, താമരയൂർ എന്നിവടങ്ങളിലെ 33 ക്യാമ്പുകളിലെ 2484 പേർക്കാണ് ബോധവൽക്കരണം ഇതു വരെ പൂർത്തിയായത്. വരും ദിവസങ്ങളിലും ബോധവൽക്കരണ പരിപാടികൾ തുടരും. പോലീസ്, ആരോഗ്യം, ലേബർ എന്നീ വകുപ്പുകൾ സംയുക്തമായാണ് ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ബോധൽക്കരണം നടത്തിയതെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അറിയിച്ചു.