കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ മാര്‍ച്ച് 12: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആശങ്കപ്പെടുത്തുന്ന വിധത്തില്‍ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ തീവ്രതയേറിയതുമാണ് മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം. വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് സംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനുവരി 20ന് കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ഡബ്യൂഎച്ച്ഒയുടെ നിര്‍ണ്ണായക നീക്കമാണിത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് ചൈനയ്ക്ക് പുറത്ത് നൂറില്‍ താഴെ മാത്രം കൊറോണ കേസുകളെ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. ഇപ്പോള്‍ 114 രാജ്യങ്ങളിലായി 1.18 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചുകഴിഞ്ഞു.

Share
അഭിപ്രായം എഴുതാം